ദെഹ്റാദൂൺ/ന്യൂഡൽഹി: അച്ചടക്കലംഘനത്തിന്റെ പേരിൽ കഴിഞ്ഞമാസം ബി.ജെ.പി. മൂന്നുമാസത്തേക്കു സസ്പെൻഡുചെയ്ത ഉത്തരാഖണ്ഡ് എം.എൽ.എ. കുംവർ പ്രണാവ് സിങ് ചാമ്പ്യൻ പുതിയ വിവാദത്തിൽ. വീട്ടിൽ നടത്തിയ സൗഹൃദക്കൂട്ടായ്മയിൽ ഇരുകൈയിലും തോക്കുമേന്തി നൃത്തംചെയ്ത ഇദ്ദേഹത്തെ പുറത്താക്കുന്നകാര്യം പരിഗണിക്കുകയാണ് പാർട്ടി. ഖാൻപുർ എം.എൽ.എ.യാണ് ഇദ്ദേഹം.

ഇരുകൈയിലും തോക്കുപിടിച്ച് തോളിൽ മറ്റൊരു തോക്ക് തൂക്കിയിട്ട് ബോളിവുഡ് പാട്ടിനൊത്ത്‌ നൃത്തംചെയ്യുന്ന ചാമ്പ്യന്റെ വീഡിയോ പുറത്തുവന്നിരുന്നു. നൃത്തത്തിനിടെ ഇദ്ദേഹം മദ്യപിക്കുന്നുമുണ്ട്.

എം.എൽ.എ.യുടെ പെരുമാറ്റത്തെ പാർട്ടി അപലപിക്കുന്നുവെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും ബി.ജെ.പി. മാധ്യമവിഭാഗത്തിന്റെ ദേശീയചുമതലയുള്ള അനിൽ ബലൂനി പറഞ്ഞു. ഇദ്ദേഹത്തെ പുറത്താക്കാൻ പാർട്ടി ആലോചിക്കുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

താൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്നാണ് ചാമ്പ്യന്റെ നിലപാട്. തോക്കുകളെല്ലാം ലൈസൻസ് ഉള്ളവയാണെന്നും അവയിൽ ഉണ്ടയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മദ്യപിക്കുന്നതും ലൈസൻസുള്ള തോക്ക് കൈവശം വെക്കുന്നതും കുറ്റകൃത്യമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ന്യൂഡൽഹിയിലെ ഉത്തരാഖണ്ഡ് നിവാസിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിനാണു ചാമ്പ്യനെ പാർട്ടി സസ്പെൻഡ് ചെയ്തത്. ഝബരേഡയിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ. ദേശ്‌രാജ് കർണവാളുമായി വാക്പോരിലേർപ്പെട്ടതിന്റെ പേരിൽ രണ്ടുമാസംമുമ്പ് ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു.

മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ കലാപമുണ്ടാക്കിയ കോൺഗ്രസ് എം.എൽ.എ.മാരിൽ ഒരാളാണ് ചാമ്പ്യൻ. 2016-ലാണ് ഇദ്ദേഹം ബി.ജെ.പി.യിൽ ചേർന്നത്.

Content Highlights: bjp mla dance with gun