അഹമ്മദാബാദ്: ഗുജറാത്തിന്റെ പതിനേഴാം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ചുമതലയേറ്റു. മന്ത്രിസഭാ വികസനം പിന്നീടുണ്ടാകും. രാജ്ഭവനിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കഴിഞ്ഞദിവസം അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിനെത്തിയിരുന്നു. ബി.ജെ.പി. മുഖ്യമന്ത്രിമാരായ ശിവരാജ്‌സിങ് ചൗഹാൻ, പ്രമോദ് സാവന്ത്, മനോഹർ ലാൽ ഖട്ടർ, ബസവരാജ് ബൊമ്മൈ തുടങ്ങിയവരും സന്നിഹിതരായി. ഭഗവദ്ഗീത കൈയിലേന്തിയാണ് പട്ടേൽ സത്യവാചകം ചൊല്ലിയത്. നേരത്തേ അദ്ദേഹം സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവരെ വീടുകളിലെത്തി സന്ദർശിച്ചു. ക്ഷേത്രദർശനങ്ങളും ഗോപൂജയും നടത്തിയ ശേഷമാണ് ഗാന്ധിനഗറിലേക്ക് എത്തിയത്. ആത്മീയ ഗുരുവായ ദാദാ ഭഗവാൻ ഫൗണ്ടേഷന്റെ ആചാര്യൻ ദീപക്ഭായി ദേശായിയുടെ അനുഗ്രഹവും വാങ്ങി.

സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം എത്തി. ‘ഭൂപേന്ദ്രഭായിയെ വർഷങ്ങളായി എനിക്കറിയാം. സംഘടനയിലായാലും പൊതുഭരണമായാലും സാമൂഹിക സേവനമായാലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഗുജറാത്തിന്റെ വികസനക്കുതിപ്പിന് അദ്ദേഹം നേതൃത്വം നൽകും...’ മോദി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

കണ്ണീരണിഞ്ഞ് നിതിൻ പട്ടേൽ

അഹമ്മദാബാദ്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന്റെ ദുഃഖം മറച്ചുവെക്കാൻ സ്ഥാനമൊഴിഞ്ഞ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് കഴിഞ്ഞില്ല. എന്നാൽ പാർട്ടി തീരുമാനത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോളാണ് നിതിൻ പട്ടേൽ വികാരാധീനനായത്. ‘എനിക്ക് വിഷമമൊന്നുമില്ല...’ എന്ന് മറുപടി നൽകിയപ്പോഴേ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞു. ‘ഞാൻ പാർട്ടിക്കുവേണ്ടി പ്രവർത്തനം തുടരും. പദവിയുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. മുപ്പത് വർഷംകൊണ്ട് എനിക്ക് ധാരാളം സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞാൻതന്നെ എത്രയോ പേർക്ക് എം.എൽ.എ, എം.പി. ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്...’ അദ്ദേഹം പറഞ്ഞു. മോദി, ആനന്ദി ബെൻ മന്ത്രിസഭകളിലും മന്ത്രിയായിരുന്ന നിതിൻ പട്ടേലിനെ തഴഞ്ഞാണ് 2016-ൽ വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്.

തലേന്ന് എം.എൽ.എ.മാരുടെ യോഗം കഴിഞ്ഞയുടനെ തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയിലേക്ക് നിതിൻ പട്ടേൽ പോയത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ജനങ്ങളുടെയും പാർട്ടിപ്രവർത്തകരുടെയും ഹൃദയങ്ങളിൽനിന്ന് തന്നെ നീക്കാനാർക്കും പറ്റില്ലെന്ന് അവിടെ പ്രസംഗിക്കുകയും ചെയ്തു.