ഷിംല: ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കോണ്‍ഗ്രസില്‍നിന്ന് ഭരണം തിരിച്ചുപിടിച്ചെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ബി.ജെ.പി.യില്‍ ഭിന്നത തുടരുന്നു.

പരാജയപ്പെട്ട നേതാവ് പ്രേംകുമാര്‍ ധൂമലിനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായം ശക്തിപ്പെട്ടതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയായത്.

ബി.ജെ.പി. എം.എല്‍.എ.മാരില്‍ 26 പേരുടെ പിന്തുണയാണ് മുന്‍ മുഖ്യമന്ത്രിയായ ധൂമല്‍പക്ഷം അവകാശപ്പെടുന്നത്. സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും സംസ്ഥാനത്ത് ബി.ജെ.പി. നേടിയ മികച്ച വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ധൂമല്‍ ആണെന്നാണ് അനുയായികളുടെ പക്ഷം.

അതേസമയം, ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയാകണമെന്നാണ് മറുവാദം. തര്‍ക്കം പരിഹരിക്കാന്‍ രണ്ടുദിവസമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറും നേതാക്കളും ആര്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ചനടത്തിയെങ്കിലും ശനിയാഴ്ച രാത്രിവരെ തീരുമാനമായില്ല.

ആര്‍.എസ്.എസ്. നേതാക്കളുമായി ഹോട്ടല്‍ പീറ്റര്‍ഹോഫില്‍ ചര്‍ച്ചനടത്തി പുറത്തേക്കിറങ്ങിയ കേന്ദ്ര നിരീക്ഷകരുടെ വാഹനത്തിനുനേരേ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. യോഗം ചേരുമ്പോള്‍ ഇരുപക്ഷവും ഹോട്ടലിന് മുന്നിലെത്തി പോര്‍വിളി മുഴക്കിയതും നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.