ന്യൂഡൽഹി: ശശി തരൂർ എം.പി.യുടെയും മാധ്യമപ്രവർത്തകരുടെയും പേരിൽ ഉത്തർപ്രദേശ് പോലീസ് കേസെടുത്തതിനെതിരേ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ഈ നടപടിയിലൂടെ ഭരണകക്ഷി ജനാധിപത്യത്തിന്റെ അന്തസ്സ് കീറിമുറിച്ചതായി പ്രിയങ്ക ആരോപിച്ചു. കേസെടുത്ത് ജനപ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി. സർക്കാരിന്റെ പ്രവണത വളരെ അപകടകരമാണെന്നും പ്രിയങ്ക പറഞ്ഞു.

ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകസമരവുമായി ബന്ധപ്പെട്ടുനടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂരിന്റെയും മൃണാൾ പാണ്ഡെ, രാജ്ദീപ് സർദേസായി, വിനോദ് ജോസ്, സഫർ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മാധ്യമപ്രവർത്തകരുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി നോയ്ഡ പോലീസ് കേസെടുത്തിരുന്നു.