മുംബൈ: നോട്ടുനിരോധനവും ജി.എസ്.ടി.യും പോലുള്ള പ്രശ്‌നങ്ങള്‍ കാരണം കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ബി.ജെ.പി. സര്‍ക്കാറുകളില്‍ വിശ്വാസം നഷ്ടമായെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ.

ജി.എസ്.ടി. നടപ്പാക്കിയതുമൂലം സര്‍വത്ര കുഴപ്പങ്ങളാണുണ്ടായതെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം കുറ്റപ്പെടുത്തി. 'ജി.എസ്.ടി. സാധാരണക്കാരെ ബാധിക്കുമെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. അതെല്ലാം സഹിക്കണോ നേരിടണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഗുജറാത്തില്‍ ചെറുകിട കച്ചവടക്കാര്‍ ജി.എസ്.ടി.ക്ക് എതിരെ തെരുവിലിറങ്ങിയപ്പോള്‍ അവരെ അടിച്ചൊതുക്കുകയാണ് ചെയ്തത്'' - ഉദ്ധവ് പറഞ്ഞു.

എല്ലാവര്‍ഷവും ഉദ്ധവിന്റെ ജന്മദിനത്തിനുമുമ്പ് പാര്‍ട്ടി മുഖപത്രത്തില്‍ അദ്ദേഹവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാറുണ്ട്. രാജ്യസഭാംഗവും മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുമായ സഞ്ജയ് റാവുത്തുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗമാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അച്ചടിച്ചുവരും. വ്യാഴാഴ്ചയാണ് ഉദ്ധവിന്റെ 57-ാം ജന്മദിനം.

എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പഞ്ചായത്ത് രാജിലൂടെ അധികാര വികേന്ദ്രീകണം കൊണ്ടുവന്നപ്പോള്‍ ഇവിടെ അധികാരകേന്ദ്രീകരണമാണ് നടക്കുന്നത്.

നയപരിപാടികള്‍ പൊതുജനനന്മയ്ക്കാണോ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കഴിഞ്ഞവര്‍ഷത്തെ നോട്ടുനിരോധനം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുകാരണം 15 ലക്ഷംപേര്‍ക്കാണ് നേരിട്ട് തൊഴില്‍ നഷ്ടമായത്. അവരുടെ ആശ്രിതരെക്കൂടി കണക്കിലെടുത്താല്‍ 60 ലക്ഷംപേര്‍ വഴിയാധാരമായി എന്നാണ് അതിനര്‍ഥം. നോട്ട് നിരോധനത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ശിവസേനയായിരുന്നു എന്ന് ഉദ്ധവ് അവകാശപ്പെട്ടു. 'നരേന്ദ്രമോദിയെ എതിര്‍ക്കുകയല്ല ഞാന്‍. ജനപക്ഷത്തു നില്‍ക്കുകയാണ്''-അദ്ദേഹം പറഞ്ഞു.