ചെന്നൈ: മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ പക്ഷത്തെ തഴഞ്ഞ് തമിഴ്‌നാട് ബി.ജെ.പി.യിൽ അഴിച്ചുപണി. അധ്യക്ഷനായി എൽ. മുരുകൻ സ്ഥാനമേറ്റെടുത്തതിനുശേഷം നടത്തിയ നിയമനങ്ങളിൽ സിനിമാരംഗത്തുനിന്നുള്ളവർക്ക് കൂടുതൽ പരിഗണന. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകുകയും ചെയ്തു. നടനും നാടക പ്രവർത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാൻജി.

ഗൗതമി, നമിത എന്നിവരെക്കൂടാതെ നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായി നിയമിച്ചു. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യിൽ ചേർന്നത്. നമിതയ്ക്കൊപ്പം പാർട്ടിയിൽ ചേർന്ന നടൻ രാധാരവിക്ക്‌ പദവിയില്ല. നടി നയൻതാരയ്ക്കെതിരേ നടത്തിയ അപകീർത്തികരമായ പരാമർശത്തെത്തുടർന്ന് ഡി.എം.കെ.യിൽനിന്ന് നീക്കിയതിനുശേഷമാണ് രാധാരവി ബി.ജെ.പി.യിൽ ചേർന്നത്. വിദ്യാഭാസകാലത്ത് എ.ബി.വി.പി.യിൽ പ്രവർത്തിച്ചിരുന്ന ഗൗതമി വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. 13 വർഷം ഒന്നിച്ച് താമസിച്ച നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസനുമായി 2016-ൽ പിരിഞ്ഞതിനുശേഷമാണ് ഗൗതമി ബി.ജെ.പി.യുമായി വീണ്ടും അടുത്തത്. ബി.ജെ.പി.യുടെയും കേന്ദ്ര സർക്കാരിന്റെയും കടുത്ത വിമർശകനാണ് കമൽ.

ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയ മുൻ എം.പി. ശശികല പുഷ്പയെ ബി.ജെ.പി. ദേശീയ ജനറൽ കൗൺസിൽ അംഗമായി നിയമിച്ചു. ഡി.എം.കെ.യിൽ നിന്നെത്തിയ വി.പി. ദുരൈസാമിക്ക്‌ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി. ഡി.എം.കെ.യിൽ ദുരൈസാമി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു. പത്ത് വൈസ് പ്രസിഡന്റമാർ, നാല് ജനറൽ സെക്രട്ടറിമാർ, ഒമ്പത് സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം നടന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നയിനർ നാഗേന്ദ്രനെ വൈസ് പ്രസിഡന്റായി നിയമിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന നാഗേന്ദ്രൻ പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിക്കപ്പെട്ടതിൽ അസന്തുഷ്ടനാണെന്നാണ് സൂചന. ജനറൽ സെക്രട്ടറിയായിരുന്ന വാനതി ശ്രീനിവാസനെയും വൈസ് പ്രസിഡന്റാക്കി. വാനതി ശ്രീനിവാസനും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടയാളാണ്.

സെക്രട്ടറിമാരായിരുന്ന കെ.ടി. രാഘവൻ, ജി.കെ. സെൽവകുമാർ, കരു നാഗരാജൻ, ആർ. ശ്രീനിവാസൻ എന്നിവർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. പുതിയ നിയമനങ്ങളിൽ പൊൻരാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ തൃപ്തരല്ലെങ്കിലും പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. തമിഴിസൈ സൗന്ദർരാജനെ തെലങ്കാന ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് മുതിർന്ന പല നേതാക്കളെയും മറികടന്ന് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള എൽ. മുരുകനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അതിന്റെ തുടർച്ചയായിട്ടാണ് പുതിയ നിയമനങ്ങളെന്നാണ് സൂചന.

Content Highlight: BJP elevates Namitha, Gautami