ന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പി.യിൽ നേതൃമാറ്റം വേണമെന്നും ബൂത്തുതലംമുതൽ പാർട്ടി അഴിച്ചുപണിയണമെന്നും ശുപാർശ ചെയ്ത് പ്രധാനമന്ത്രിക്കും ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും പ്രമുഖരുടെ റിപ്പോർട്ട്. പ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും സംസ്ഥാന നേതൃത്വത്തോട് താത്‌പര്യമില്ല. തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതിൽ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രി പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചും പരിഹാരം നിർദേശിച്ചും റിപ്പോർട്ട് നൽകാൻ സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് തുടങ്ങിയവരെ വെവ്വേറെ നിയോഗിച്ചത്. ഇവർ പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ളവരിൽനിന്ന് അഭിപ്രായങ്ങൾ തേടി.

നേതൃമാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സി.വി. ആനന്ദ ബോസ് ഇതിനായി നാലു നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. പുതിയ നേതൃത്വത്തെ കൊണ്ടുവരലാണ് ഒന്നാമത്തെ നിർദേശം. നിലവിലുള്ള നേതാക്കൾ സ്വമേധയാ രാജിവെക്കുകയും കാര്യങ്ങൾ പരിശോധിച്ചശേഷം പുതിയ നേതൃത്വത്തെ നിശ്ചയിക്കുകയും ചെയ്യുകയെന്നതാണ് രണ്ടാമത്തേത്. പ്രശ്നങ്ങളില്ലാത്ത പഴയ നേതാക്കൾക്കും പുതിയ കമ്മിറ്റിയിൽ അനിവാര്യമെങ്കിൽ തിരിച്ചുവരാം. സംസ്ഥാനത്തെ പാർട്ടിഘടകത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തവരുടെ സേവനം മറ്റു സംസ്ഥാനങ്ങളിലോ കേന്ദ്ര തലത്തിലോ ഉപയോഗിക്കണമെന്നതാണ് മൂന്നാമത്തേത്. ഇവരെ പ്രഭാരിമാർ, കേന്ദ്ര സർക്കാരിന്റെ സമിതി അംഗങ്ങൾ എന്നീ നിലകളിൽ നിയോഗിക്കണം. ബൂത്തുതലം മുതൽ പാർട്ടിയെ ഉടച്ചു വാർക്കണമെന്നാണ് നാലാമത്തെ നിർദേശം.

പാർട്ടിയിൽ പ്രവർത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായത് തിരിച്ചുപിടിക്കണം. ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം ഓടിയെത്തുന്നത് ബി.ജെ.പി. പ്രവർത്തകരായിരിക്കണം. ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കണം. ഗ്രൂപ്പിസം പാർട്ടിയെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. നേതാക്കൾ തമ്മിൽ പതിവ് ആശയവിനിമയംപോലും നടക്കാത്ത നിലയാണ് പലയിടത്തും.

ഹെലികോപ്റ്ററിൽ അവമതിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം വൈകിയത്, അതിലെ പാളിച്ചകൾ, ചില സ്ഥാനാർഥികളുടെ കാര്യത്തിൽ കൈക്കൊണ്ട യുക്തിസഹമല്ലാത്ത നിലപാടുകൾ തുടങ്ങിയവ പ്രതിച്ഛായ നഷ്ടമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് ഔദ്യോഗിക വിഭാഗം മാത്രമാണ് കൈകാര്യം ചെയ്തതെന്നും തങ്ങൾ ഇടപെട്ടിട്ടില്ലെന്നും സ്ഥാനാർഥികൾതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. കേരളത്തെപ്പോലെ ചെറിയ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ പ്രചാരണത്തിന് ഹെലികോപ്റ്റർ ആഡംബരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.