ന്യൂഡൽഹി: ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് അടക്കമുള്ള മതേതര-ജനാധിപത്യ പാർട്ടികളെ ഉൾക്കൊള്ളിച്ചുള്ള പ്രതിപക്ഷചേരി വികസിപ്പിക്കണമെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസ് നയം സി.പി.എം. പുനഃപരിശോധിക്കില്ല. ഇതു സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനഘടകങ്ങളിൽനിന്നുയർന്ന ആവശ്യത്തിന് സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ മേൽക്കൈ ലഭിച്ചില്ല. വർഗ ഐക്യത്തിലൂന്നിയുള്ള കൂടുതൽ വിശാലസഖ്യത്തിന്റെ സാധ്യതകൾ തേടണമെന്ന പൊതുവികാരത്തിൽ മൂന്നുദിവസത്തെ സി.സി. സമാപിച്ചു.

കണ്ണൂരിലെ പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരടു രാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കാനുള്ള ചർച്ചയായിരുന്നു സി.സി.യിൽ. രാഷ്ട്രീയപ്രമേയത്തിന്റെ കരടുരേഖ തയ്യാറാക്കാൻ സി.സി. പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. ഇതിനായി നവംബറിൽ പി.ബി. ചേരും. തുടർന്നുള്ള സി.സി.യിൽ കരടുപ്രമേയം പാസാക്കി കീഴ്ഘടകങ്ങളിൽ ചർച്ചയ്ക്കായി നൽകും.

പ്രതിപക്ഷചേരിയിൽ കോൺഗ്രസിനെ കക്ഷിയാക്കുന്നതിൽ രൂക്ഷവിമർശമുന്നയിച്ച് എ. വിജയരാഘവൻ ഉൾപ്പെടെയുള്ളവർ സി.സി.യിലെ ചർച്ചയിൽ രംഗത്തെത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരും കോൺഗ്രസ് വിമർശനത്തിലൂന്നി. ഹൈദരാബാദിൽ സ്വീകരിച്ച അടവുനയത്തിൽ തിരുത്തൽ വേണമെന്നായിരുന്നു ഈ വിമർശനങ്ങളിലെ കാതലായ ആവശ്യം. എന്നാൽ, ബി.ജെ.പി.യെ അധികാരത്തിൽനിന്ന്‌ താഴെയിറക്കാൻ കൂടുതൽ വിശാലമായ സഖ്യവും വർഗ ഐക്യത്തിലൂന്നിയ പ്രക്ഷോഭപാതയുമാണ് വേണ്ടതെന്ന പി.ബി. രേഖയെ കേരളത്തിൽനിന്ന്‌ സംസാരിച്ച എളമരം കരീം, തോമസ് ഐസക്, കെ.കെ.ശൈലജ എന്നിവർ പിന്തുണച്ചതായി അറിയുന്നു.

ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പി.യും അവരെ നിയന്ത്രിക്കുന്ന ആർ.എസ്.എസും കരുത്താർജിച്ച വേളയിൽ കോൺഗ്രസിനെച്ചൊല്ലിയുള്ള തർക്കങ്ങളിലേക്ക്‌ ചർച്ച വഴിതിരിക്കുന്നതിൽ മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവർ നീരസം പ്രകടിപ്പിച്ചു. കർഷകർ ഒറ്റക്കെട്ടായി കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിൽ നിലയുറപ്പിച്ചതിന്റെ വർഗപരമായ പ്രാധാന്യം തിരിച്ചറിഞ്ഞും തൊഴിലാളികളും അവർക്കൊപ്പം അണിനിരക്കുന്നതിന്റെ ഗൗരവം ഉൾക്കൊണ്ടും വിശാലസഖ്യത്തിനുള്ള ശ്രമങ്ങൾക്കാണ് മുൻകൈയെടുക്കേണ്ടതെന്ന് സി.സി. ചർച്ചകളിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. കേവലം പാർലമെൻററി സഖ്യങ്ങളിൽമാത്രം ശ്രദ്ധയൂന്നാതെ വർഗഐക്യം ശക്തിപ്പെടുത്തിയുള്ള ബഹുജനമുന്നേറ്റമാണ് മുഖ്യമെന്നും ചർച്ചയിൽ പൊതുവായി അഭിപ്രായമുയർന്നു. ഇതോടെ, ഹൈദരാബാദ് അടവുനയത്തിൽ പുനർവിചിന്തനം വേണമെന്ന വാദം ദുർബലമായി. ഇന്ത്യൻ ഭരണഘടനതന്നെ ഭീഷണിയിലായ രാഷ്ട്രീയസാഹചര്യത്തിൽ ബി.ജെ.പി. വിരുദ്ധചേരി കൂടുതൽ ശക്തമാക്കാനുള്ള സമീപനത്തിന് കരടുരാഷ്ട്രീയപ്രമേയത്തിൽ ഊന്നൽ നൽകുമെന്ന് ഒരു മുതിർന്ന സി.പി.എം. നേതാവ് ‘മാതൃഭൂമി’യോടു പറഞ്ഞു.