ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾക്കുമുമ്പ് പാർട്ടിയെ സജ്ജമാക്കാനായി ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ 120 ദിവസത്തെ രാജ്യവ്യാപക യാത്രയ്ക്കൊരുങ്ങുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് യാത്രയുടെ അജൻഡ. ഡിസംബർ അഞ്ചിന് ഉത്തരാഖണ്ഡിലാണ് തുടക്കം.
കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കും. അതിനു മുന്നോടിയായി പാർട്ടിയെ താഴെത്തട്ടുമുതൽ സജ്ജമാക്കുക എന്നതാണു യാത്രയുടെ ഉദ്ദേശ്യമെന്ന് ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന മണ്ഡലങ്ങൾക്കാകും ഊന്നൽ.
120 ദിവസംകൊണ്ട് നഡ്ഡ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കും. വലിയ സംസ്ഥാനങ്ങളിൽ മൂന്നുദിവസവും ചെറിയവയിൽ രണ്ടുദിവസവും ചെലവിടും. നേരിട്ടുള്ള കൂടിക്കാഴ്ചകൾ കൂടാതെ വെർച്വൽ യോഗങ്ങൾ, ബൂത്തുതല ചുമതലയുള്ളവരുമായി ചർച്ചകൾ, ജനപ്രതിനിധികളുമായി പ്രത്യേക ചർച്ചകൾ, മുതിർന്ന നേതാക്കൾ, അനുഭാവികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി യോഗങ്ങൾ എന്നിവ നടത്തും. ചില ബൂത്തുകളിലെത്തി പാർട്ടിപ്രവർത്തകരുമായി സംവദിക്കും. ദേശീയ അധ്യക്ഷനായിരുന്നപ്പോൾ അമിത് ഷായും സമാനമായ രീതിയിൽ യാത്ര നടത്തിയിരുന്നു.
Content Highlights : BJP chief JP Nadda to begin 120-day nationwide tour in December for 2024 Lok Sabha polls