ന്യൂഡൽഹി: കർണാടകത്തിനും ഗോവയ്ക്കും പിന്നാലെ പശ്ചിമബംഗാളിലും ബി.ജെ.പി. കണ്ണുവെക്കുന്നു. തൃണമൂലിന്റെയും കോൺഗ്രസ്സിന്റെയും ഇടതുപക്ഷത്തെയും എം.എൽ.എ.മാരെ രാജിവെപ്പിച്ചോ ഒപ്പംനിർത്തിയോ മമതാ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് 107 നിയമസഭാംഗങ്ങൾ ബി.ജെ.പി.യിലേക്കു വരാൻ ഒരുങ്ങിനിൽക്കുന്നുവെന്ന് തൃണമൂലിൽനിന്ന് ബി.ജെ.പി.യിൽ ചേക്കേറിയ നേതാവ് മുകുൾ റോയ് ശനിയാഴ്ച പറഞ്ഞത്.
2021-ലെ നിയമസഭാതിരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണ് ബി.ജെ.പി.യുടെ പടയൊരുക്കം. എങ്കിലും അവസരമൊത്താൽ മമതാ സർക്കാരിനെ ദുർബലപ്പെടുത്തുകയെന്ന ഉദ്ദേശ്യവുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റാണ് ബി.ജെ.പി. ബംഗാളിൽ നേടിയത്. ഈ കരുത്തും തിരഞ്ഞെടുപ്പുകാലത്ത് തൃണമൂൽ അടക്കമുള്ള പാർട്ടികളിൽനിന്ന് എം.എൽ.എ.മാർ ബി.ജെ.പിയിലേക്കൊഴുകിയതും അനുകൂലമായി ഉപയോഗിക്കാനാണു കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.
ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ തൃണമൂലിന്റെ ആറ് എം.എൽ.എ.മാരും കോൺഗ്രസ്, സി.പി.എം. പാർട്ടികളുടെ ഓരോരുത്തർ വീതവും ബി.ജെ.പി.യിൽ ചേർന്നിരുന്നു. ഇതോടൊപ്പം, കൂറുമാറിയ തൃണമൂൽ കൗൺസിലർമാരുടെ സഹായത്തോടെ സൗത്ത് ദിനജ്പുർ ജില്ലാ പരിഷത്തുഭരണം ബി.ജെ.പി. പിടിച്ചെടുക്കുകയുംചെയ്തു. വടക്കൻ ബംഗാളിൽ തൃണമൂലിനെ പടുത്തുയർത്തിയ ബിപ്ലവ് മിത്രയും ബി.ജെ.പി.യിലേക്കു ചേക്കേറി.
ഇപ്പോൾ ബി.ജെ.പി.യിൽ ചേരാനൊരുങ്ങി നിൽക്കുന്നുവെന്ന് മുകുൾ റോയ് പറയുന്ന 107 എം.എൽ.എ.മാരിൽ മിക്കവരും തൃണമൂലുകാരാണ്. തൃണമൂലിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ ബി.ജെ.പി.യുമായി നിരന്തരം ചർച്ചയിലാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽനേടിയ രണ്ടു സീറ്റിൽനിന്ന് 18-ലേക്കു വളർന്നതിന്റെ ആത്മവിശ്വാസമാണ് ബി.ജെ.പി.യെ നയിക്കുന്നത്. കർണാടകത്തിൽ സർക്കാരിനെ ഉലയ്ക്കാൻ കഴിഞ്ഞതും ഗോവയിൽ ഭൂരിഭാഗം കോൺഗ്രസ് എം.എൽ.എമാരെയും കൂടുമാറ്റാനായതും നീക്കങ്ങൾക്കു വേഗംകൂട്ടുന്നു. ത്രിപുരയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏകപക്ഷീയ ജയമുറപ്പിച്ച തന്ത്രങ്ങൾ ലക്ഷ്യം കണ്ടതും ബി.ജെ.പി. ക്യാമ്പിൽ ആത്മവിശ്വാസം പകരുന്നുണ്ട്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം നേടുകയെന്നതാണു ബി.ജെ.പി.യുടെ ലക്ഷ്യമെന്നു ബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി വിജയ്വർഗിയ പറഞ്ഞുകഴിഞ്ഞു.
content highlights: BJP aims to make gains in West Bengal