: അഗസ്തവെസ്റ്റ്‌ലൻഡ് ഹെലികോപ്‌റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ഇന്ത്യയിലെത്തിയ ശേഷം ഗാന്ധികുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളാണെന്ന് ബി.ജെ.പി. മിഷേലിനെ പിന്തുണയ്ക്കാൻ മുഴുവൻ കോൺഗ്രസുകാരും രംഗത്തെത്തിയിരിക്കുകയാണെന്ന് ബി.ജെ.പി. വക്താവ് സാംബിത് പത്ര പറഞ്ഞു.

ക്രിസ്റ്റ്യൻ മിഷേലിന്റെ കൈമാറ്റം കോൺഗ്രസിനെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. അന്വേഷണത്തിൽ ഗാന്ധി കുടുംബത്തിനെതിരേ വെളിപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാൻ പ്രതിപക്ഷപാർട്ടികളുടെ കൈകൾ മിഷേലിനെ പിന്തുണയ്ക്കാൻ നീളുകയാണ്. കുറ്റവാളികൾക്കൊപ്പം പാറപോലെ നിലയുറപ്പിക്കുമെന്ന് കോൺഗ്രസ് സന്ദേശം നൽകിക്കഴിഞ്ഞെന്ന് പത്ര ആരോപിച്ചു.

മിഷേലിന്റെ അഭിഭാഷകനായ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് നാടകമാണെന്ന് ബി.ജെ.പി. പരിഹസിച്ചു. യൂത്ത് കോൺഗ്രസിന്റെ ലീഗൽസെൽ നേതാവായിരുന്ന മലയാളി അഭിഭാഷകൻ ആൽജോ കെ. ജോസഫടക്കം മിഷേലിന് വേണ്ടി ഹാജരാകുന്ന മൂന്ന് അഭിഭാഷകർക്കും കോൺഗ്രസുമായി ബന്ധമുണ്ട്. കോൺഗ്രസ് ആൽജോയെ പുറത്താക്കിയിട്ടുണ്ടാകാം. എന്നാൽ, അദ്ദേഹം ജൻപഥ് പത്താം നമ്പറിലെ കുറ്റാരോപിതർക്കായി അഭിഭാഷകനായി തുടരുകയാണ്. തന്നോട് അടുപ്പമുള്ളവർ മിഷേലുമായി ബന്ധപ്പെടണമെന്നാണ് സോണിയയുടെ താത്പര്യം. ബി.ജെ.പി. നേതാക്കളുടെ ബന്ധുക്കളായ ചില അഭിഭാഷകർ അഴിമതിക്കാർക്കുവേണ്ടി ഹാജരാകുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ പണം തിരിച്ചുകൊടുത്ത് കേസുകൾ ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു സാംബിത് പത്രയുടെ പ്രതികരണം.