ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ 'ബിറ്റ്‌കോയിന്‍' ഉള്‍പ്പെടെയുള്ളവയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം. ഏതെങ്കിലും ആസ്തികളെയോ മറ്റോ മുന്‍നിര്‍ത്തിയല്ല ബിറ്റ്‌കോയിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഊഹാപോഹങ്ങളാണ് ഇത്തരം കറന്‍സികളുടെ മൂല്യം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. അതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് വെര്‍ച്വല്‍ കറന്‍സികള്‍ സൂക്ഷിക്കുന്നത്. ഹാക്കിങ്, പാസ് വേഡ് നഷ്ടപ്പെടല്‍, മാല്‍വേര്‍ ആക്രമണം എന്നിവമൂലം പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കള്ളക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം കറന്‍സികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ബിറ്റ്‌കോയിന്‍ മൂല്യം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍, ചില രാജ്യങ്ങള്‍ ബിറ്റ്‌കോയിനെതിരേ രംഗത്തെത്തിയതോടെ മൂല്യം കുറഞ്ഞു.

കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ ലോക്‌സഭയില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ കുറിച്ച് പഠിക്കാന്‍ സാമ്പത്തികകാര്യ വകുപ്പ് ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ആഗോളതലത്തില്‍ ഇത്തരം സംഭവങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുന്നത്, അതിന്റെ നിയമവശങ്ങള്‍ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് ഈ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അധികാരമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ആളുകള്‍ ഇത്തരം ഇടപാടുകള്‍ നടത്താനെന്നും ആര്‍.ബി.ഐ. പറഞ്ഞിരുന്നു.