മുംബൈ: രണ്ടുതവണ വക്കീൽനോട്ടീസ് അയച്ചിട്ടും അതിനു മറുപടി കിട്ടാത്തതിനാലാണു പോലീസിനെ സമീപിച്ചതെന്നു ബിനോയ് കോടിയേരിക്കെതിരേ പരാതി നല്കിയ യുവതി.

“എന്റെ കുട്ടിയുടെ അച്ഛനല്ലെന്ന് അടുത്തിടെ കണ്ടപ്പോൾ ബിനോയ് മുഖത്തടിച്ചതുപോലെ പറഞ്ഞു. അതാണെന്നെ വേദനിപ്പിച്ചത്. ബിനോയിയുടെ കുട്ടിയാണെന്നു തെളിയിക്കേണ്ട ബാധ്യത എന്റേതാണ്. അതിന്‌ ഏതറ്റംവരെയും പോകും. എനിക്കും കുട്ടിക്കും ജീവനാംശം കിട്ടുന്നതുവരെ പോരാടും”- യുവതി പറഞ്ഞു.

“എനിക്ക് എട്ടു സഹോദരിമാരുണ്ട്. 25 വർഷം മുമ്പ് അച്ഛൻ മരിച്ചു. തുടർന്ന്, മുംബൈയിൽ വിവാഹം കഴിച്ചയച്ച മൂത്തസഹോദരിയുടെ അടുത്തേക്ക് അമ്മയ്ക്കൊപ്പം വരികയായിരുന്നു. അമ്മ ബംഗാളിയാണ്. 2009-ൽ ദുബായിലെ ബാറിൽ ഡാൻസർ ആയി. അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയുമായി പരിചയപ്പെട്ടത്. സൗഹൃദം വളർന്നപ്പോൾ, സമ്മാനങ്ങൾ നൽകി. കൂടിക്കാഴ്ച പതിവായി. ഡാൻസ് ബാറിലെ ജോലി നിർത്തിയാൽ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി. 2009 നവംബറിൽ ഗർഭിണിയായതോടെയാണ്‌ മുംബൈയിലേക്കു മടങ്ങിയത്.

എട്ടുവയസ്സുള്ള മകനെ എനിക്കു പഠിപ്പിക്കണം. അവനെ ഇനിയുള്ള ജീവിതത്തിൽ അപഹാസ്യനായി ജീവിക്കാൻ അനുവദിക്കില്ല. ഇതാണ് എന്റെ അച്ഛൻ എന്നു പറയാൻ അവനാകണം. അതിനുവേണ്ടിയുള്ള പോരാട്ടമാണ് ഞാനിപ്പോൾ നടത്തുന്നത്”- യുവതി പറഞ്ഞു.