മുംബൈ: സി.പി.എം. കേരള സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് വിനോദിനി ബാലകൃഷ്ണൻ(37) വിവാഹവാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തിയെന്നും വഞ്ചിച്ചെന്നും ബിഹാർ സ്വദേശിനിയുടെ പരാതി. ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും അവർ അവകാശപ്പെട്ടു. മുംബൈയിലെ മീരാറോഡിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ ജോഗേശ്വരി ഓഷിവാര പോലീസ് കേസെടുത്തു.

ഈ മാസം 13-നാണ് യുവതിയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടങ്ങിയതായി ഓഷിവാര സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു. ബിനോയിയെ മുംബൈയിൽ വിളിച്ചുവരുത്തി തെളിവെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

താൻ ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ബിനോയിയുമായി പരിചയത്തിലായതെന്നു യുവതി പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചു. ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത തങ്ങൾ 2009 ഒക്ടോബർ 18 മുതലാണ് ഒരുമിച്ചുതാമസം തുടങ്ങിയത്. അന്ന്, അവിവാഹിതനാണെന്നാണ്‌ ബിനോയ് തന്നെ ബോധ്യപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.

2010 ജൂലായ് 22-നാണ്‌ കുട്ടി ജനിക്കുന്നത്. പിന്നീടാണു ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. അക്കാര്യം ചോദിച്ചതോടെ അയാൾ താനുമായുള്ള ബന്ധം അവസാനിപ്പിച്ചു. തനിക്കു ബാങ്കുവഴി മാസംതോറും ജീവിതച്ചെലവിനു തരാറുള്ള പണം നൽകാതായി. ഭീഷണിപ്പെടുത്താനും തുടങ്ങി -പരാതിയിൽ ആരോപിക്കുന്നു.