മുംബൈ: ബിഹാർ യുവതിയെ പീഡിപ്പിച്ചെന്നകേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയുന്നതിനായി തിങ്കളാഴ്ചത്തേക്കു മാറ്റി. അതുവരെ അദ്ദേഹത്തെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മുംബൈ ദിൻദോഷിയിലെ സെഷൻസ് കോടതി ജഡ്ജി എം.എച്ച്. ശൈഖിന്റെ ബെഞ്ചിലാണ് കേസ് നടക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷം 16-ാംനമ്പർ കേസായാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവതിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി. കൂടാതെ, ഹൈക്കോടതി അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ യുവതിക്കുവേണ്ടി കൂടുതൽ തെളിവുകളുമായി രംഗത്തെത്തി. വാദിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി. അനുവദിക്കരുതെന്ന് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്‌തെ വാദിച്ചു. ഇതു രൂക്ഷമായ തർക്കത്തിലേക്കു വഴിമാറിയപ്പോൾ നടപടികൾ അല്പനേരം നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോൾ, തർക്കം വേണ്ടെന്നും തീരുമാനം കോടതിയുടെതാണെന്നും ജഡ്ജി പറഞ്ഞു.

തന്നെയും കുട്ടിയെയും ദുബായിലേക്കു കൊണ്ടുപോകാനായി വിസയും വിമാന ടിക്കറ്റും അയച്ചുതന്നതിന്റെ രേഖകൾ യുവതി അഭിഭാഷകൻമുഖേന ഹാജരാക്കി. ബിനോയിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്തുകൊണ്ടാണ് യുവതിയുടെ അഭിഭാഷകൻ കൂടുതൽ രേഖകൾ ഹാജരാക്കിയത്. ബിനോയിയുടെ അച്ഛൻ കോടിയേരി ബാലകൃഷ്ണൻ കേരളത്തിലെ മുൻമന്ത്രിയാണെന്നകാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ മറച്ചുവെച്ചതായി പ്രോസിക്യൂഷൻ വാദിച്ചു.

ബിനോയ് കോടിയേരിയുടെ വാദമുഖങ്ങൾ പൊളിക്കുന്ന രേഖകളാണ് യുവതി കോടതിയിൽ ഹാജരാക്കിയത്. മകനെ തട്ടിക്കൊണ്ടുപോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ജീവനു ഭീഷണിയുണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.

ബിനോയിക്കെതിരേ വീണ്ടും തെളിവ്

മുംബൈ: ബിഹാർയുവതിയെ പരിചയമുണ്ടെങ്കിലും വിവാഹംചെയ്തിട്ടില്ലെന്നും ഈ യുവതിയിൽ തനിക്ക് കുട്ടിയില്ലെന്നും ബിനോയ് കോടിയേരി വ്യക്തമാക്കുമ്പോൾ യുവതിക്കും കുട്ടിക്കും ദുബായ് സന്ദർശിക്കാനുള്ള വിസ എന്തിനാണ് അയച്ചുകൊടുത്തതെന്ന ചോദ്യമുയരുന്നുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Binoy Kodiyeri gets interim relief from arrest in rape case

ബിനോയ് കോടിയേരി ഇ-മെയിൽവഴി യുവതിക്കും മകനും ടൂറിസ്റ്റ് വിസ അയച്ചുകൊടുത്തത് 2015 ഏപ്രിൽ 21-നാണ്. വിസയിൽ യുവതിയുടെയും കുട്ടിയുടെയും പേരിനൊപ്പം ബിനോയിയുടെ പേരുമുണ്ട്. ഇൗ പുതിയ തെളിവു ബിനോയിക്ക് വീണ്ടും നിയമക്കുരുക്കുകൾ സൃഷ്ടിക്കുമെന്നു നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു.