മുംബൈ: ബിഹാർ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ മുംബൈയിലെ ദിൻഡോശി സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ വെള്ളിയാഴ്ച കോടതി വാദം കേട്ടു.

കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയും പ്രമുഖനുമായ രാഷ്ട്രീയനേതാവിന്റെ മകനാണു പ്രതിയെന്നും ജാമ്യം നല്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ സവാൽവിൻ വാദിച്ചു. തെളിവു നശിപ്പിക്കാനും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും പ്രതി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിപ്പെടുത്തി പണം തട്ടാനാണു പരാതിക്കാരി ശ്രമിക്കുന്നതെന്നും മുമ്പും സമാനമായ ആരോപണം അവർ ഉന്നയിച്ചിട്ടുണ്ടെന്നുമായിരുന്നു ബിനോയിയുടെ അഭിഭാഷകന്റെ പ്രധാന വാദം. വിത്തോഭ പി. മസാർക്കർ എന്ന അഭിഭാഷകൻ മുഖേനയാണു ബിനോയ് വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ബോംബെ ഹൈക്കോടതിയിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകൻ അശോക് ഗുപ്തയാണ് വാദിക്കാനെത്തിയത്.

പരാതി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം വാദിച്ചത്. മുംബൈയിൽ വിവാഹം രജിസ്റ്റർ ചെയ്തു എന്ന് പറയുന്ന സമയം ബിനോയ് വിദേശത്തായിരുന്നു. യുവതിയുമായി ബന്ധമുണ്ടെന്നു ആരോപിക്കുന്ന 2009 മുതൽ 2015 വർഷം വരെ എന്തുകൊണ്ട് പരാതി നൽകിയില്ല. പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ തയ്യാറാണ്. യുവതി നൽകിയ പരാതിയും കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളും പരിഗണിക്കുമ്പോൾ ഇവർ ഭാര്യാഭർത്താക്കൻമാരായി ജീവിച്ചെന്നാണ് തോന്നുക. പൂർണസമ്മതത്തോടെയുള്ള ലൈംഗികവേഴ്ച എങ്ങനെയാണു ബലാത്സംഗക്കുറ്റമാവുക. ഈ കുറ്റപത്രംതന്നെ നിലനിൽക്കില്ല. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നതിനു പരാതിതന്നെ തെളിവാണെന്നും അശോക് ഗുപ്ത പറഞ്ഞു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. മറ്റൊരു വിവാഹം നടന്നതു മറച്ചുവെച്ചു. വഞ്ചനയും പീഡനവുമാണു ബിനോയ് നടത്തിയത്. ഡി.എൻ.എ. പരിശോധന നടത്തിയാൽ ബിനോയിയുടെ കുട്ടിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കാനാവും- പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ പരിശോധനയുടെ ആവശ്യമില്ലെന്നും പരാതി വ്യാജമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാവും. ബിനോയിയെ കണ്ടുകിട്ടിയില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഈ മാസം 13-നാണ്‌ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

Content highlights: Binoy Kodiyeri, anticipatory bail