ബെംഗളൂരു: ബിസിനസ് സംരംഭങ്ങളുടെ മറവിൽ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കർണാടക ഹൈക്കോടതിയിൽ അറിയിച്ചു. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടനും വ്യാപാര ഇടപാട് നടത്തിയിട്ടുള്ള സുഹൃത്തായ അരുണും അന്വേഷണവുമായി സഹകരിക്കാത്തത് ദുരൂഹമാണെന്നും ഇടപാടുകൾ നിയമപരമായിരുന്നെങ്കിൽ ഇവർ മാറിനിൽക്കുന്നതെന്തിനാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി. ചോദിച്ചു. വ്യാപാരവുമായി ബന്ധപ്പെട്ട രേഖകൾ ബെംഗളൂരുവിലേക്കു കൊണ്ടുവരുന്നതിനിടെ തീവണ്ടിയിൽവെച്ച് നഷ്ടപ്പെട്ടതായി ബിനീഷിന്റെ അഭിഭാഷകർ പറഞ്ഞത് വിശ്വസനീയമല്ലെന്നും ഇ.ഡി. പറഞ്ഞു.

ജാമ്യാപേക്ഷയിൽ ഇ.ഡി.യുടെ വാദം പൂർത്തിയായി. എതിർവാദമുന്നയിക്കാൻ ബിനീഷിന് ഈ മാസം 23-ന് സമയം അനുവദിച്ചു.

ബിസിനസ് പങ്കാളി മുഹമ്മദ് അനൂപ് ആയിരുന്നെങ്കിലും അക്കൗണ്ടിൽ പണം ഇടുന്നതും കേരളത്തിലിരുന്ന് പിൻവലിക്കുന്നതും അനിക്കുട്ടൻ ആയിരുന്നു. ബിനീഷിനുവേണ്ടി വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച ആളാണ് അനിക്കുട്ടൻ. ആദായനികുതി റിട്ടേൺ സമർപ്പിക്കാതെ കോടികൾ ഒഴുക്കിയതിന് തെളിവുണ്ടെന്നും ഇ.ഡി. ആവർത്തിച്ചു. കടലാസ് കമ്പനികൾ വഴിയും കള്ളപ്പണം വെളുപ്പിച്ചു.

മത്സ്യ, പച്ചക്കറി വ്യാപാരത്തിൽനിന്ന് ലഭിക്കുന്ന വരുമാനം സംബന്ധിച്ച ദൈനംദിനരേഖകൾ ഉണ്ടാകില്ലേയെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റിർ ജനറൽ അമൻ ലേഖി ചോദിച്ചു. ബിനീഷിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ ഗുരുകൃഷ്ണകുമാർ, രഞ്ജിത് ശങ്കർ എന്നിവർ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നു ശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിനീഷ്.