ബെംഗളൂരു: ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡികാലാവധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ലഹരിക്കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകൾസംബന്ധിച്ചാണ് ചോദ്യംചെയ്തത്. എന്നാൽ, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാൻ സാമ്പത്തികസഹായം നൽകിയെങ്കിലും മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്ന് ബിനീഷ് മൊഴിനൽകി.

ഞായറാഴ്ച രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈകുന്നേരം നാലിന് നിർത്തി. തിങ്കളാഴ്ച രാവിലെ ചോദ്യംചെയ്തതിനുശേഷം ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കും.

ബിനീഷ് കോടിയേരിക്ക് തിങ്കളാഴ്ച നിർണായകദിനമാണ്. ബെംഗളൂരു സെഷൻസ് കോടതിയിൽ കസ്റ്റഡി നീട്ടിക്കിട്ടാൻ ഇ.ഡി. ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാക്കും. എന്നാൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ നിലപാട് നിർണായകമാകും. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾസംബന്ധിച്ച വിവരങ്ങൾ എൻ.സി.ബി. സോണൽ ഡയറക്ടർ അമിത് ഗവാഡെ ശേഖരിച്ചിരുന്നു. ബിനീഷിനെ ചോദ്യംചെയ്യുന്നതിന്റെ മുന്നോടിയായാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണു കരുതുന്നത്. ചോദ്യംചെയ്യാൻ ബിനീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻ.സി.ബി. കോടതിയിൽ ആവശ്യപ്പെട്ടേക്കും. ലഹരി ഇടപാടുകൾ നടന്ന ഹോട്ടൽ ബിനീഷിന്റെ സാമ്പത്തികസഹായത്തോടെയാണ് നടത്തിയതെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം എൻ.സി.ബി. വിവരങ്ങൾ ശേഖരിച്ചത്.

content highlights: bineesh kodiyeri to be produced before court today