ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിലെ തുടർവാദം കർണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണമില്ലെന്നും പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്ന് ഹൈക്കോടതി പരാമർശിച്ചു.

ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.പി. രാജുവിന് ഹാജരാകാൻ സാധിക്കാത്തതിനാൽ ജാമ്യാപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിക്കണമെന്ന രാജുവിന്റെ സഹായിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കേസ് പരിഗണിക്കുന്നത് 19-ലേക്ക് മാറ്റുകയായിരുന്നു. ബിനീഷിനുവേണ്ടി മുതിർന്ന അഭിഭാഷകരായ ഗുരുകൃഷ്ണകുമാർ, രഞ്ജിത് ശങ്കർ എന്നിവർ ഹാജരായി.

content highlights: bineesh kodiyeri's bail plea