ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി.) കസ്റ്റഡിയിലെടുത്തു. ബെംഗളൂരു പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് പരപ്പന അഗ്രഹാര ജയിലിലെത്തി കസ്റ്റഡിയിൽ വാങ്ങിയത്. ലഹരിമരുന്നു കേസിൽ ചോദ്യംചെയ്യുന്നതിനായി നവംബർ 20 വരെയാണ് കസ്റ്റഡി അനുവദിച്ചത്. അതിനിടെ, ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച പ്രത്യേക കോടതിയിൽ വാദംനടക്കും.

സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ നാലുദിവസം ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന എൻ.സി.ബി.യുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ലഹരിമരുന്നു കേസിൽ എൻ.സി.ബി. സോണൽ ഡയറക്ടർ അമിത് ഗവാഡെയാണ് അന്വേഷണം നടത്തുന്നത്.

ഓഗസ്റ്റ് 21-നാണ് ലഹരിമരുന്നുമായി സീരിയൽ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ്, തൃശ്ശൂർ തിരുവില്വാമലയിലെ റിജേഷ് രവീന്ദ്രൻ എന്നിവരെ എൻ.സി.ബി. അറസ്റ്റുചെയ്യുന്നത്. ഈ കേസിൽ അഞ്ച് പ്രതികളാണുള്ളത്. ബിനീഷ് സാമ്പത്തികസഹായം നൽകിയെന്ന് മുഹമ്മദ് അനൂപ് എൻ.സി.ബി.ക്കു മൊഴി നൽകിയിരുന്നു. ബിനീഷിനു ലഹരിമരുന്നു ഇടപാടുമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തിയാൽ കേസെടുക്കുമെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. അല്ലെങ്കിൽ ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടിൽ അനുബന്ധ കുറ്റപത്രമായിരിക്കും സമർപ്പിക്കുന്നത്. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബിനീഷിനെതിരേ കേസെടുക്കുന്നത്.

Content Highlights: Bineesh Kodiyeri NCB