ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വാദം കർണാടക ഹൈക്കോടതിയിൽ തുടങ്ങി. തുടർവാദം ഈ മാസം 20-ന് നടക്കും. ലഹരി ഇടപാടിൽ നേരിട്ട് ബന്ധമുണ്ടോ ഇല്ലയോ എന്നല്ല, ബിനീഷിന്റെ പണം ലഹരി ഇടപാടിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ബോധിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസ് സ്വതന്ത്രമായി നിലനിൽക്കുന്നതാണെന്നും ലഹരിമരുന്നു കേസുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) കേസെടുക്കാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷിന്റെ വാദത്തെ എതിർത്താണ് ഇ.ഡി. ഇക്കാര്യം ബോധിപ്പിച്ചത്.

ജാമ്യാപേക്ഷയിൽ ബിനീഷിന്റെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ബിനീഷിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ ഗുരു കൃഷ്ണകുമാർ, രഞ്ജിത് ശങ്കർ, മിന്നു ജോസ് എന്നിവർ ഹാജരായി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റു ചെയ്തത്. നവംബർ 11-മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.