ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബെംഗളൂരു പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലഹരിമരുന്നുകേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് ഒന്നാംപ്രതിയും സീരിയൽ നടി ഡി. അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവർ ഈകേസിലെ രണ്ടും മൂന്നും പ്രതികളുമാണ്. 500-ഓളം പേജുകളുള്ള കുറ്റപത്രമാണ് ഇ.ഡി. സമർപ്പിച്ചത്.

ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിൽ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചില്ലെങ്കിൽ ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നതിനാലാണ് 60 ദിവസം പൂർത്തിയാകുന്നതിനുമുമ്പ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അനുബന്ധ കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചേക്കും.

നാലുപേരും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. ഓഗസ്റ്റ് 21-നാണ് മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ എന്നിവരെ എൻ.സി.ബി. അറസ്റ്റുചെയ്തത്. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിന്റെ പേരിൽ ഇ.ഡി. കേസെടുത്തത്. ബിനീഷ് പണം നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് അനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ അനുസരിച്ചാണ് ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുള്ളത്.

അതിനിടെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബിനീഷിനുവേണ്ടി മുതിർന്ന അഭിഭാഷകനായ രഞ്ജിത് ശങ്കറാണ് കോടതിയിൽ ഹാജരാകുന്നത്.

Content Highlights: Bineesh Kodiyeri ED