ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ പേരിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അടുത്ത തിങ്കളാഴ്ചയോടെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചേക്കും. ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിൽ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്യുന്നത്. ഡിസംബർ 28-ന് ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂർത്തിയാകും. അതിനാൽ ഇതിനുമുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് ആലോചന.

അറസ്റ്റിലായി 60 ദിവസത്തിനുമുമ്പ് താത്‌കാലിക കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകും. ലഹരിമരുന്നുകേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെതിരേ ഇ.ഡി. കേസെടുത്തത്. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ബിനീഷിന്റെ ബിനാമിയാണെന്ന് സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റെസ്റ്റോറന്റ് പങ്കാളി റഷീദ് എന്നിവരെ ചോദ്യംചെയ്തതിൽനിന്നുള്ള വിവരങ്ങളും പ്രാഥമിക കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയേക്കും.

ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി(സെഷൻസ് കോടതി) ഡിസംബർ 14-ന് തള്ളിയിരുന്നു. ഇതിനെതിരേ കർണാടക ഹൈക്കോടതിയിൽ ചൊവ്വാഴ്ച ഹർജി നൽകിയേക്കും. അറസ്റ്റിനെതിരേ ബിനീഷ് നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്നാണ് കോടതിയെ ബോധിപ്പിച്ചത്. ഇതിൽ ഡിസംബർ 23-ന് ഇരുവിഭാഗത്തിനോടും വാദം എഴുതി സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്.

Content Highlights: Bineesh Kodiyeri ED