ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) തള്ളി. ബിനീഷ് സ്വാധീനമുള്ള വ്യക്തിയാണെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വാദം പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. ബിനീഷിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് പൊതുമേഖലാ ബാങ്കിൽനിന്ന് വിവരം ലഭിക്കേണ്ടതുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. ജാമ്യം നിഷേധിച്ചതിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അറിയിച്ചു. ഇ.ഡി.ക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജുവാണ് വാദിച്ചത്.

അതിനിടെ ഇ.ഡി.യുടെ അറസ്റ്റിനെതിരേ ബിനീഷ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൊവ്വാഴ്ചയും വാദം തുടരും. അറസ്റ്റ് നടപടിക്രമം പാലിക്കാതെയാണെന്ന് കാണിച്ചാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെളിവുകളുണ്ടെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്നുമാണ് ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചത്. ബിനീഷിന് വേണ്ടി അഭിഭാഷകൻ രഞ്ജിത് ശങ്കറും ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലും ഹാജരായി. ബിനീഷിനുവേണ്ടി നേരത്തേ നൽകിയ താത്കാലിക ജാമ്യഹർജിയും ചൊവ്വാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

ബിനീഷ് ഉയർന്ന സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്നാണ് ജാമ്യഹർജിക്കെതിരേ ഇ.ഡി. പ്രധാനമായും ഉന്നയിച്ച തടസ്സവാദം. ബിനീഷിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യക്തമായ തെളിവുണ്ടെന്നും മൂന്ന് അക്കൗണ്ടുകളിൽ നിന്നായി അഞ്ചു കോടിയിലേറെ രൂപ ബിനീഷിന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ലഹരി മരുന്ന് ഇടപാടിലൂടെയാണ് പണം നേടിയതെന്നും, കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നുമാണ് ഇ.ഡി. കോടതിയെ ബോധിപ്പിച്ചത്.

എന്നാൽ, ബിനീഷിന്റെ പേരിൽ ലഹരിമരുന്നു കേസില്ലെന്നും കേരളത്തിൽ വീടും സ്വത്തുമുണ്ടെന്ന് ഇ.ഡി. തന്നെ കണ്ടെത്തിയതിനാൽ രാജ്യം വിട്ടുപോകുമെന്ന വാദം നിലനിൽക്കില്ലെന്നുമായിരുന്നു ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചത്. ഇ.ഡി.ക്കും കോടതിക്കു മുന്നിലും നൽകിയ മൊഴികൾ തുല്യമായതിനാൽ സാക്ഷികൾക്ക് പിന്നീട് മാറ്റിപ്പറയാൻ കഴിയില്ലെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രിമിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-ന് ശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നവംബർ 17-നാണ് ജാമ്യത്തിനായി പ്രത്യേക കോടതിയിൽ ഹർജി നൽകിയത്.

Content Highlights: Bineesh Kodiyeri ED