ബെംഗളൂരു: ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബിനീഷിന്റെ കേസിലെ വാദം പൂർത്തിയായി. ഇ.ഡി.യുടെ തുടർവാദം കേൾക്കൽ ഡിസംബർ 14-ലേക്കു മാറ്റി. ബിനീഷിനുവേണ്ടി അഭിഭാഷകൻ രഞ്ജിത് ശങ്കർ ഹാജരായി.

ബിനീഷിനെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റുചെയ്തത് നടപടിക്രമം പാലിക്കാതെയാണെന്നും ബിനീഷിന് ലഹരിമരുന്നുകേസുമായി യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകൻ വാദിച്ചു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നാലുദിവസം ബിനീഷിനെ ചോദ്യംചെയ്ത് വിട്ടയച്ചതിനാൽ ലഹരിമരുന്നുകേസുമായി ബന്ധമുണ്ടെന്ന വാദം നിലനിൽക്കില്ല. നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റുചെയ്ത സംഭവങ്ങളിലെ മുൻകാല അനുകൂല കോടതി ഉത്തരവുകളും രഞ്ജിത് ശങ്കർ കോടതിയിൽ ഹാജരാക്കി. ബിനീഷിനെ അറസ്റ്റുചെയ്തെന്ന ഇ.ഡി.യുടെ രേഖയിൽ ബിനീഷിന്റെ ഒപ്പുണ്ടെന്ന വാദം അഭിഭാഷകൻ ഖണ്ഡിച്ചു.

ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജു ഓൺലൈനായി ഹാജരായി. എതിർവാദമുന്നയിക്കാൻ ഇ.ഡി. കൂടുതൽസമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 14-ലേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷം ആവശ്യമെങ്കിൽ വാദം ഉന്നയിക്കാനുള്ള അനുമതിയും ബിനീഷിന്റെ അഭിഭാഷകന് നൽകി.

അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി ബെംഗളൂരു പ്രത്യേക കോടതി 14 ദിവസത്തേക്ക് നീട്ടി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷയിൽ 14-ന് ബെംഗളൂരു പ്രത്യേക കോടതി വിധിപറയും.

Content Highlights: Bineesh Kodiyeri ED