ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ നവംബർ 24-ന് ബെംഗളൂരു പ്രത്യേക കോടതിയിൽ വാദം നടക്കും. ജാമ്യത്തെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

ബിനീഷിന്റെ ബിനാമിയാണെന്നുസംശയിക്കുന്ന അബ്ദുൽ ലത്തീഫിനെയും മറ്റൊരു ബിനാമിയെന്നുകരുതപ്പെടുന്ന മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെയും ചോദ്യംചെയ്തതിൽനിന്നുള്ള വിവരങ്ങളും കോടതിയെ ബോധിപ്പിക്കും. ബിനീഷിന്റെ കേരളത്തിലെ ബിനാമി ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് ഇ.ഡി.യുടെ തീരുമാനം. ബിനാമികളാണെന്നു സംശയിക്കുന്നവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യണമെന്ന് നേരത്തേ കോടതിയെ അറിയിച്ചതാണ്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഉന്നതസ്വാധീനമുള്ള ബിനീഷിന് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നുമാണ് ജാമ്യഹർജി പരിഗണനയ്ക്കുവന്നപ്പോൾ കോടതിയെ ബോധിപ്പിച്ചത്.

നവംബർ 11-നാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി 25-ന് അവസാനിക്കും.

Content Highlights: Bineesh Kodiyeri ED