ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിൽനടന്ന ബിനാമി ഇടപാടുകളിൽ അന്വേഷണം നടന്നുവരികയാണ്. കൂടുതൽപ്പേരെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. അറിയിച്ചു. ബിനീഷിന്റെ ബിനാമിയാണെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, ബിനീഷിന്റെ കാർ ഡ്രൈവർ അനിക്കുട്ടൻ, എസ്. അരുൺ എന്നിവരെ വിശദമായി ചോദ്യംചെയ്യാനാണ് തീരുമാനം. മുഹമ്മദ് അനൂപിന്റെ റെസ്റ്റോറന്റിലെ പങ്കാളി റഷീദിനെ നാലുമണിക്കൂർ ചോദ്യംചെയ്തിരുന്നു.

കേരളത്തിൽ അന്വേഷണം പാതിവഴിയിലാണെന്നും ബിനാമി സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്നും ഇ.ഡി. കോടതിയെയും അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

തിരുവനന്തപുരത്തു നടത്തിയ റെയ്ഡിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വരുംദിവസങ്ങളിൽ കൂടുതൽപ്പേരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ബിനീഷുമായി സാമ്പത്തിക ഇടപാട് നടത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ഇ.ഡി.ക്ക് ലഭിച്ചിട്ടുണ്ട്. ഈ കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ 24-ന് വാദം നടക്കും.

Content Highlights: Bineesh Kodiyeri ED