ബെംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷയിലെ തുടർവാദം ബെംഗളൂരു പ്രത്യേക കോടതി നവംബർ 24-ലേക്കു മാറ്റി. വൈകുന്നേരം മൂന്നിന് ഹർജി വാദത്തിനെടുത്തപ്പോൾ, ബിനീഷിന്റെ ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കള്ളപ്പണം വെളുപ്പിക്കലിന് കൃത്യമായ തെളിവുണ്ടെന്നും എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കോടതിയെ അറിയിച്ചു. ജാമ്യത്തെ എതിർത്തുള്ള വാദങ്ങൾ ഉന്നയിക്കാൻ ഇ.ഡി. കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തുടർവാദം 24-ലേക്കു മാറ്റിയത്. ബിനീഷ് ഇപ്പോൾ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ കസ്റ്റഡിയിലാണെന്നും കോടതിയെ അറിയിച്ചു. ഇ.ഡി. കേസിൽ നവംബർ 25 വരെയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

സാമ്പത്തിക ഇടപാടുകൾമാത്രം ചൂണ്ടിക്കാട്ടി അറസ്റ്റുചെയ്തതത് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകർ വാദിച്ചു. ഹോട്ടൽ വ്യവസായത്തിന് മുഹമ്മദ് അനൂപിന് സാമ്പത്തികസഹായം നൽകിയത് ലഹരിയിടപാടിനെപ്പറ്റി അറിയാതെയാണെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ബാങ്കിലെ നിക്ഷേപംസംബന്ധിച്ച വിവരങ്ങൾ ഇ.ഡി.യെ അറിയിച്ചിരുന്നെന്നും പറഞ്ഞു.

അതിനിടെ, ലഹരിമരുന്നുകേസിൽ എൻ.സി.ബി.യുടെ അറസ്റ്റുനീക്കത്തിനെതിരേ ബിനീഷ് കർണാടക ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും. ലഹരിക്കേസിൽ ചോദ്യംചെയ്യാൻ ബിനീഷിനെ എൻ.സി.ബി. കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

തനിക്കെതിയെുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരേ ബിനീഷ് രണ്ടു ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇ.ഡി.യുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുകാണിച്ച് നേരത്തേ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകയിരുന്നു. ഇതിനുപിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ലഹരിക്കേസിൽ എൻ.സി.ബി. ബിനീഷിനെ ചോദ്യംചെയ്യുകയാണ്. എൻ.സി.ബി. സോണൽ ഓഫീസിൽവെച്ചുള്ള ചോദ്യംചെയ്യലിന് സോണൽ ഡയറക്ടർ അമിത് ഗവാഡെയാണ് നേതൃത്വം നൽകുന്നത്. ലഹരിമരുന്നുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്ന ഇ.ഡി.യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്. ലഹരിയിടപാടിൽ നേരിട്ടു ബന്ധമുണ്ടെന്നുകണ്ടെത്തിയാൽ അറസ്റ്റു രേഖപ്പെടുത്താനാണ് തീരുമാനം. നവംബർ 20-വരെയാണ് ബിനീഷിനെ ചോദ്യംചെയ്യാൻ പ്രത്യേക കോടതി എൻ.സി.ബി.ക്ക് അനുമതി നൽകിയത്.

Content Highlights: Bineesh Kodiyeri ED