ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കസ്റ്റഡിക്കാലാവധി കഴിയുന്ന ബുധനാഴ്ച പ്രത്യേക കോടതിയിൽ തെളിവുകൾ സമർപ്പിക്കും. ബിനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് ഇടപാടുകളെക്കുറിച്ചും അഞ്ചു കമ്പനികളുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരങ്ങളുമായിരിക്കും സമർപ്പിക്കുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ചു നടത്തിയ ഇടപാടുകൾസംബന്ധിച്ച വിവരങ്ങൾ കേരളത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്. ബിനീഷ് ആരംഭിച്ച മൂന്നു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

ബിനീഷ് കോടിയേരിയെ 11-ാം ദിവസവും ഇ.ഡി. സോണൽ ഓഫീസിൽ ചോദ്യംചെയ്തു. അഞ്ചു കമ്പനികളെക്കുറിച്ചുള്ള ചോദ്യത്തിന് ബിനീഷ് വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നു കമ്പനികളുടെ ചുമതല വർഷങ്ങൾക്കുമുമ്പ് ഒഴിഞ്ഞിരുന്നെന്നാണ് ബിനീഷ് മൊഴി നൽകിയത്. ഇ.ഡി.യുടെ കസ്റ്റഡിക്കുശേഷം ബിനീഷിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യും ചോദ്യംചെയ്യും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും മുഹമ്മദ് അനൂപിന് ലഹരിയിടപാടിന് സാമ്പത്തികസഹായം നൽകിയെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണിത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ബിനീഷിനെ ശാന്തിനഗറിലെ ഇ.ഡി. സോണൽ ഓഫീസിലെത്തിച്ചു. പത്തുമണിക്കാരംഭിച്ച ചോദ്യംചെയ്യൽ രാത്രിവരെ നീണ്ടു. ബിനാമിയെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റസ്റ്റോറന്റിലെ പങ്കാളി റഷീദ് എന്നിവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. മുഹമ്മദ് അനൂപിനോടൊപ്പം ബിനീഷിനെ ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ സൗകര്യങ്ങൾ ഒപ്പിച്ചു; ബിനീഷിനെ കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റി

ബെംഗളൂരു: ചോദ്യംചെയ്യലിനുശേഷം രാത്രി പാർപ്പിച്ചിരുന്ന വിൻസൻ ഗാർഡൻ സ്റ്റേഷനിലെ പോലീസുകാരെ ബിനീഷ് കോടിയേരി സ്വാധീനിക്കാൻ ശ്രമിച്ചതായി കണ്ടെത്തി. തുടർന്ന് ഞായറാഴ്ചമുതൽ രാത്രിയിലെ താമസം കബൺ പാർക്ക് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. പോലീസിൽനിന്നു ബിനീഷിന് ഫോൺ സൗകര്യം ലഭിച്ചെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലിനെത്തുടർന്നാണിത്. സ്റ്റേഷനിൽ രാത്രി കൂടുതൽ സൗകര്യം ലഭിച്ചെന്നും ഇ.ഡി. കണ്ടെത്തി.

അറസ്റ്റിലായതിനുശേഷം കഴിഞ്ഞ ഒമ്പതുദിവസവും ബിനീഷിനെ താമസിപ്പിച്ചിരുന്നത് ഇ.ഡി. സോണൽ ഓഫീസിനുസമീപത്തുള്ള വിൽസൻ ഗാർഡൻ പോലീസ് സ്റ്റേഷനിലായിരുന്നു. പോലീസിനെ സ്വാധീനിച്ച് കൂടുതൽ സൗകര്യങ്ങൾ നേടിയെന്നു കണ്ടെത്തിയതോടെ ഡെപ്യൂട്ടി കമ്മിഷണർ റാങ്ക് ഉദ്യോഗസ്ഥനുള്ള പോലീസ് സ്റ്റേഷൻ എന്നനിലയിൽ കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ബിനീഷിന് കൂടുതൽ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്.

Content Highlights: Bineesh Kodiyeri ED