ബെംഗളൂരു: ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യംചെയ്യൽ തുടരുന്നു.

രാവിലെ 8.20-ഓടെ വിൽസൻഗാർഡൻ പോലീസ് സ്റ്റേഷനിൽനിന്നു ശാന്തിനഗർ ഇ.ഡി. ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യംചെയ്യാൻ തുടങ്ങി. ലഹരിമരുന്നുകേസിലെ പങ്കിനെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചുമാണ് കൂടുതലായും ചോദിച്ചത്. ബിനാമി ഇടപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ശനിയാഴ്ചവരെയാണ് കസ്റ്റഡി അനുവദിച്ചത്. രാവിലെ 11 മണിയോടെ സഹോദരൻ ബിനോയ് കോടിയേരിയും അഭിഭാഷകരും ബിനീഷിനെ കാണാനെത്തിയെങ്കിലും അനുമതി നൽകിയില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുമായെത്താൻ ആവശ്യപ്പെട്ടതായി അഭിഭാഷകർ പറഞ്ഞു. എന്നാൽ ഇത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ ബിനീഷുമായി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ബിനീഷുമായി കൂടിക്കാഴ്ച നടത്താൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിരുന്നു.

ചോദ്യംചെയ്യലിനുശേഷം രാത്രി എട്ടുമണിയോടെ വിൽസൻ ഗാർഡൻ പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ആറുദിവസമായി ബിനീഷ് കോടിയേരിയെ 47 മണിക്കൂർ തുടർച്ചയായി ഇ.ഡി. ചോദ്യംചെയ്തു. ശാരീരിക അവശതകളുണ്ടെന്ന ബിനീഷിന്റെ വാദം അംഗീകരിക്കാതെയാണ് പ്രത്യേക കോടതി അഞ്ചുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

ബിനീഷിന്റെ ഹവാല പണമിടപാടുസംബന്ധിച്ച് ആദായനികുതി വകുപ്പ് ഇ.ഡി.യിൽനിന്നു വിവരങ്ങൾ ശേഖരിച്ചതായി സൂചനയുണ്ട്.

Content Highlights: Bineesh Kodiyeri ED