ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നു സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ മൊഴി പരിശോധിക്കുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ബെംഗളൂരുവിലെ ഇ.ഡി. സോണൽ ഓഫീസിൽ പത്തുമണിക്കൂർ ചോദ്യംചെയ്തശേഷമാണ് അബ്ദുൽ ലത്തീഫിനെ വിട്ടയച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെയും അബ്ദുൽ ലത്തീഫിന്റെയും മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി.യിൽനിന്നുള്ള വിവരം. മൊഴികൾ പരിശോധിച്ചശേഷം ബിനീഷിനെയും അബ്ദുൽ ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം.

ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച എസ്. അരുൺ എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. നവംബർ നാലിന് അബ്ദുൽ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് അറിയുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന നവംബർ 24-ന് ബിനാമി ഇടപാടുകളെക്കുറിച്ച് കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് ഇ.ഡി.യുടെ ശ്രമം.

അതിനിടെ, ലഹരിമരുന്നുകേസിൽ ബിനീഷ് കോടിയേരിക്ക് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ‘ക്ലീൻ ചിറ്റ്’ നൽകിയിട്ടില്ല. നാലുദിവസത്തെ ചോദ്യംചെയ്യലിൽ ലഭിച്ച മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യുമെന്ന് എൻ.സി.ബി. അറിയിച്ചു. മുഹമ്മദ് അനൂപിനോടൊപ്പം ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന് ഇ.ഡി.ക്ക് മൊഴി നൽകിയ കർണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയെ എൻ.സി.ബി. അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന്‌ വിശദമായ മൊഴിയെടുത്തശേഷമായിരിക്കും തുടർനടപടി. ലഹരിയിടപാടിൽ മുഹമ്മദ് അനൂപ് അടക്കം അഞ്ചുപേരെയാണ് അറസ്റ്റുചെയ്തത്. മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരി 50 ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് എൻ.സി.ബി.യും കണ്ടെത്തിയിട്ടുണ്ട്. അനൂപിന്റെ ലഹരിയിടപാടിനെക്കുറിച്ച്‌ അറിയില്ലെന്നാണ് ബിനീഷ് മൊഴിനൽകിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ സുഹാസ് കൃഷ്ണ ഗൗഡയുടെ മൊഴികൾ ബിനീഷിന് നിർണായകമാകും.