ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ്. ആന്റിജൻ പരിശോധനയുടെ ഫലമാണു വന്നത്. ആർ.ടി.-പി.സി.ആർ. പരിശോധനയുടെ ഫലം ശനിയാഴ്ച വരും. ഇതിനുശേഷം സാധാരണ സെല്ലിലേക്ക് മാറ്റും.
ലഹരിമരുന്നുകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ജയിലിൽ ക്വാറന്റീനിൽ കഴിഞ്ഞ മുറിയിലാണ് ബിനീഷിനെ താമസിപ്പിച്ചിരിക്കുന്നത്. പത്രങ്ങളൊന്നും ആവശ്യപ്പെട്ടില്ലെന്നും കന്നഡ അറിയാത്തതിനാൽ കൂടുതൽ സംസാരിക്കുന്നില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു. ഭക്ഷണം മുറിയിലേക്ക് എത്തിക്കുകയാണ്. സാധാരണ സെല്ലിലേക്ക് മാറ്റിയാൽ മൂന്നോ നാലോ പേരുണ്ടാകും. ഭക്ഷണം പുറത്തുപോയി കഴിക്കണം. സുരക്ഷ കണക്കിലെടുത്തായിരിക്കും സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെന്നും അധികൃതർ പറഞ്ഞു.
ഒക്ടോബർ 29-ന് അറസ്റ്റിലായശേഷം 13 ദിവസത്തെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യംചെയ്യൽ പൂർത്തിയായതിനെത്തുടർന്നാണ് ബുധനാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ബിനീഷ് 8498-ാം നമ്പർ തടവുകാരനാണ്. ബിനീഷിന്റെ ജാമ്യാപേക്ഷയിൽ 18-ന് ബെംഗളൂരു പ്രത്യേക കോടതിയിൽ വാദം നടക്കും.
അതിനിടെ, ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ബിനാമിയാണെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫീനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനും നീക്കമുണ്ട്. മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെ ചോദ്യംചെയ്യാനായിട്ടില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് ഇവരുടെ മൊഴിയെടുക്കാനാണ് ഇ.ഡി.യുടെ ശ്രമം. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടനെയും സുഹൃത്ത് അരുണിനെയും ചോദ്യംചെയ്യണം. കേരളത്തിൽ നടന്ന സാമ്പത്തിക ഇടപാടുകൾസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡി. നേരത്തേ കോടതിയെ അറിയിച്ചിരുന്നു.