ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിലെ തുടർവാദം കർണാടക ഹൈക്കോടതി ഈ മാസം 28-ലേക്ക് മാറ്റി. ഹർജി വ്യാഴാഴ്ച പരിഗണിച്ചപ്പോൾ ബിനീഷിന്റെ അഭിഭാഷകൻ അരമണിക്കൂറോളം വാദിച്ചു. ബിനീഷ് കോടിയേരി ലഹരിമരുന്ന് ഇടപാടിന് സാമ്പത്തികസഹായം നൽകിയിട്ടില്ലെന്നും ലഹരിമരുന്നുകേസിൽ പ്രതിയായ മുഹമ്മദ് അനൂപിന് പണം കൈമാറിയത് ബാങ്ക് ഇടപാടുകൾ വഴിയാണെന്നും അഭിഭാഷകൻ വാദിച്ചു.

ലഹരിമരുന്നുകേസിൽ അന്വേഷണം നടത്തുന്ന എൻ.സി.ബി. വിശദമായ അന്വേഷണം നടത്തിയിട്ടും ബിനീഷിനെ പ്രതിചേർത്തിട്ടില്ല. മുഹമ്മദ് അനൂപ് 2012 മുതൽ ബിനീഷിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡി.യുടെ വാദം. എന്നാൽ, മുഹമ്മദ് അനൂപുമായി ബിനീഷ് പരിചയപ്പെടുന്നത് 2015-ലാണെന്ന് അഭിഭാഷകൻ വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നാലുപ്രതികളിൽ ബിനീഷ് ഒഴികെയുള്ള പ്രതികൾ ലഹരിമരുന്നുകേസിൽ പ്രതിയാണെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ബിനീഷിന്റെ ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങൾക്കുവേണ്ടി ടീഷർട്ടുകൾ വാങ്ങുന്നതിനും ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനും മുഹമ്മദ് അനൂപിന് പണം നൽകിയിരുന്നു. ശരിയായ നടപടികൾ പാലിച്ചാണ് പണം നൽകിയത്. ഈ പണം തിരികെ ലഭിച്ചിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

ബിനീഷിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ ഗുരു കൃഷ്ണകുമാർ, രഞ്ജിത് ശങ്കർ എന്നിവർ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തത്.