ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ലഹരിക്കേസ് പ്രതിയായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെത്തിയ സംഭവം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആസൂത്രണംചെയ്തതാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുന്നതിനിടെയാണ് അഭിഭാഷകൻ കോടതിയിൽ ഈ വാദമുന്നയിച്ചത്. ഒന്നരമണിക്കൂറോളം വാദം നീണ്ടു. അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വാദം തുടരും. ഇ.ഡി.ക്ക് എതിർവാദം ഉന്നയിക്കാൻ തൊട്ടടുത്തദിവസം സമയമനുവദിച്ചു.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ ബിനീഷ് പ്രതിയല്ലെന്നും ഈകേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസെടുത്തിരിക്കുന്നതെന്നും ബിനീഷിന്റെ അഭിഭാഷകൻ അഡ്വ. ഗുരുകൃഷ്ണകുമാർ വാദിച്ചു. അതുകൊണ്ടുതന്നെ കേസ് നിലനിൽക്കില്ല. വിശദമായി അന്വേഷണം നടത്തിയിട്ടും ബിനീഷിന് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് എൻ.സി.ബി.ക്ക് കണ്ടെത്താനായില്ല. ബിനീഷിന്റെ അക്കൗണ്ടിൽ മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചതായി ഇ.ഡി.ക്കും വ്യക്തമായ തെളിവുള്ളതായി പറയുന്നില്ല. ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് കള്ളപ്പണമല്ല. വ്യാപാര ഇടപാടുകളിൽനിന്ന് ലഭിച്ച പണമാണ്. ബിനീഷ് എട്ടുമാസമായി ജയിലിലാണെന്ന കാര്യവും കോടതിയെ ഓർമിപ്പിച്ചു.

അതിനിടെ കേസ് ആദ്യംകേട്ട ബെഞ്ചിലേക്ക് കൈമാറട്ടെയെന്ന് ജഡ്ജി ആവർത്തിച്ചുചോദിച്ചെങ്കിലും നിലവിലെ ജഡ്ജിതന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച തുടർവാദം നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ഉന്നയിക്കുമെന്ന് ബിനീഷിന്റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

content highlights: bineesh kodiyeri bail plea