ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഈ മാസം 26-ന് കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. നിലവിൽ വാദം കേട്ടിരുന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് ഹൈക്കോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറുന്നതിനെ തുടർന്നാണിത്. എന്നാൽ, ഹർജി നിലവിലെ ബെഞ്ച് പരിഗണിക്കണമെന്ന് പുതിയ ബെഞ്ച് നിർദേശിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന് ഹൈക്കോടതി ഉറപ്പുനൽകി.

കഴിഞ്ഞ മാർച്ച് 12-ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയതിനു ശേഷം അവധിക്കാല ബെഞ്ചുൾപ്പെടെ ആറാം തവണയാണ് ബെഞ്ച് മാറുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) വാദത്തിന് എത്ര സമയം വേണ്ടിവരുമെന്ന് കോടതി ചോദിച്ചപ്പോൾ രണ്ടു മണിക്കൂർ വേണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. എന്നാൽ, അത്രയുംസമയം അനുവദിക്കാനാകില്ലെന്നും അടുത്താഴ്ച സമയം അനുവദിക്കാമെന്നും ജഡ്ജി അറിയിച്ചു.

വാദം നീട്ടിക്കൊണ്ടു പോകരുതെന്നും വാദം തുടങ്ങണമെന്നും ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.ബിനീഷ് ഒമ്പതു മാസമായി ജയിലിലാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചതാണെന്നും അഭിഭാഷകൻ വാദിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള പിതാവിനെ കാണുന്നതിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന വാദത്തെ ഇ.ഡി. എതിർത്തു.

ഈയാഴ്ച അവധിയുള്ളതിനാൽ കേസ് പരിഗണിക്കാൻ സമയമുണ്ടാകില്ലെന്നും അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കുമെന്നും ജഡ്ജി പറഞ്ഞു. ഇപ്പോഴത്തെ ബെഞ്ചിനു മുന്നിൽ വാദങ്ങളെല്ലാം ഉന്നയിച്ചതാണെന്നും പുതിയ ബെഞ്ച് വന്നാൽ വീണ്ടും വാദങ്ങൾ ഉന്നയിക്കേണ്ടിവരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിനീഷിനുവേണ്ടി അഭിഭാഷകരായ ഗുരുകൃഷ്ണ കുമാർ, രഞ്ജിത് ശങ്കർ എന്നിവർ ഹാജരായി.

കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നു ശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.