ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ (സെഷൻസ് കോടതി) ഉത്തരവിനെതിരേ ബിനീഷ് കോടിയേരി വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയിൽ ഹർജിനൽകും.

ബിനീഷിനെ അറസ്റ്റുചെയ്തത് നിയമവിരുദ്ധമായാണെന്നും അടിസ്ഥാനമില്ലാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. ബിനീഷ് കോടിയേരി സ്വാധീനമുള്ള വ്യക്തിയാണെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ വാദം പരിഗണിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ ആളുകളെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ ബോധിപ്പിച്ചിരുന്നു.

അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റുചെയ്തതിനെതിരേ ബിനീഷ് നൽകിയ ഹർജിയിൽ ഇരുകൂട്ടരോടും വാദം എഴുതിസമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജുവും ബിനീഷ് കോടിയേരിക്കുവേണ്ടി അഭിഭാഷകൻ രഞ്ജിത് ശങ്കറും ഹാജരായി.

ബിനീഷിന് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് ഇ.ഡി. ആവർത്തിച്ചു. ലഹരിമരുന്നുകേസിൽ അന്വേഷണം നടത്തുന്ന നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യ്ക്ക് കുറ്റപത്രം സമർപ്പിക്കാൻ 180 ദിവസത്തെ സാവകാശമുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. എന്നാൽ, ലഹരിമരുന്ന് ഇടപാടുകളിൽ ബിനീഷിന് പങ്കില്ലെന്നും അടിസ്ഥാനമില്ലാത്തതും നിയമപരമായി നിലനിൽക്കാത്തതുമാണ് അറസ്റ്റെന്നും രഞ്ജിത് ശങ്കർ കോടതിയെ ബോധിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ ബിനീഷിന്റെ കേസിൽ നിലനിൽക്കുന്നതല്ലെന്നും കോടതിയെ അറിയിച്ചു.