: രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക്‌ പാകിസ്താൻ ഒഴികെയുള്ള അയൽരാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക് രാജ്യങ്ങളുടെ തലവൻമാർക്ക്‌ ക്ഷണം. ‘ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ബിംസ്റ്റെക് )’ എന്ന കൂട്ടായ്മയിൽ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണുള്ളത്. ഈ സംഘടനയിൽ പാകിസ്താൻ അംഗമല്ല. വ്യാഴാഴ്ച വൈകീട്ട് ഏഴിനു നടക്കുന്ന സത്യപ്രതിജ്ഞയിൽ ഈ രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ബിംസ്റ്റെക് നേതാക്കൾക്കൊപ്പം ഷാങ്ഹായി സഹകരണസംഘടനാ അധ്യക്ഷനായ കിർഗിസ്താൻ പ്രസിഡന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അയൽരാജ്യങ്ങളുമായി മികച്ച ബന്ധം പാലിക്കുന്നതിനായി ആവിഷ്‌കരിച്ച ‘അയൽപക്കം ആദ്യം’ എന്ന നയമനുസരിച്ചാണ് അതിഥികളെ തീരുമാനിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളെ ക്ഷണിക്കുമെന്ന് മാധ്യമവാർത്തകളുണ്ടായിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു.

2014-ൽ ആദ്യ മോദിമന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പാകിസ്താൻ ഉൾപ്പടെയുള്ള സാർക് രാജ്യങ്ങളിലെ തലവൻമാരെയാണ് ക്ഷണിച്ചിരുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അടക്കമുള്ള സാർക് നേതാക്കൾ അന്നു പങ്കെടുത്തിരുന്നു. എന്നാൽ, പിന്നീട് പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായി. ഉറി, പത്താൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിൽ കടുത്ത വിള്ളൽ വീണിരിക്കുകയാണ്.

Content highlights: BIMSTEC countries head will participate Modi's sworn in ceremony