ന്യൂഡൽഹി: പെഗാസസ് ഫോൺചോർത്തൽ അടക്കമുള്ള വിവിധ വിഷയങ്ങളെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും സ്തംഭനം തുടരുമ്പോൾ അവശ്യംവേണ്ട പരിശോധനകളോ ചർച്ചകളോ ഇല്ലാതെ ബില്ലുകൾ പാസാക്കൽ തുടരുന്നു. രാജ്യസഭയിൽ അഞ്ചും ലോക്‌സഭയിൽ രണ്ടും ബില്ലുകൾ ബുധനാഴ്ച മിനിറ്റുകൾക്കുള്ളിൽ ശബ്ദവോട്ടോടെ പാസാക്കി.

നടപ്പുസമ്മേളനത്തിൽ 15 ബില്ലുകൾ ഇതിനകം ഇതുപോലെ ചർച്ചയോ പരിശോധനയോ ഇല്ലാതെ പാസായിക്കഴിഞ്ഞു. നടപടിക്രമം പാലിക്കാൻവേണ്ടി പേരിനുമാത്രമുള്ള ചർച്ചയാണ് ഇരുസഭകളിലും നടക്കുന്നത്. ഒരുവശത്ത് പ്രതിപക്ഷ അംഗങ്ങൾ സഭാതളത്തിലിറങ്ങി ഉറക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ ബില്ലിനെ അനുകൂലിക്കുന്നവർ ഏതാനും വാചകങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്നു. രാജ്യസഭയിൽ സംസാരിക്കാൻ പേരുകൊടുത്ത ചില പ്രതിപക്ഷ അംഗങ്ങളുടെ പേരുവിളിക്കുമ്പോൾ അവർ ബില്ലിനെക്കുറിച്ച് പറയാതെ പെഗാസസും കാർഷികനിയമവും പറഞ്ഞുതുടങ്ങുന്നതും അധ്യക്ഷൻ അത് രേഖകളിൽനിന്ന് നീക്കി സംസാരംമുറിക്കുന്നതും കാണാൻകഴിഞ്ഞു. ശരാശരി പത്തുമിനിറ്റിൽതാഴെമാത്രം എടുത്താണ് സുപ്രധാന ബില്ലുകൾ നിയമമാക്കിയത്. ഇനിയുള്ള ദിവസങ്ങളിലും സ്ഥിതിഗതികളിൽ മാറ്റംവരാൻ സാധ്യതയില്ല.

പ്രതിപക്ഷത്തിന്റെ തടസ്സപ്പെടുത്തലുകൾക്കും സഭാതളത്തിലിറങ്ങിയുള്ള വൻബഹളങ്ങൾക്കും ബില്ലുകൾ കീറിയെറിയലുകൾക്കുമിടയിൽ ഇങ്ങനെ നിയമനിർമാണം നടത്തുന്നത് പാർലമെന്റിൽ ഇതാദ്യമല്ല. എന്നാൽ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ ഇതൊരു സ്ഥിരം ഏർപ്പാടുപോലെയായി. ആദ്യം ഓർഡിനൻസായി നിയമം നടപ്പാക്കൽ, തൊട്ടടുത്ത സമ്മേളനത്തിൽ ഓർഡിനൻസിന് ബദലായുള്ള ബിൽ അവതരിപ്പിക്കൽ, ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികൾക്കോ അതല്ലെങ്കിൽ സെലക്ട് കമ്മിറ്റിക്കോ പരിശോധനയ്ക്കു വിടാതെ സഭയിൽ ചർച്ചയ്‌ക്കെടുത്ത് ഭൂരിപക്ഷത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അവഗണിച്ചുകൊണ്ട്്് അത് പാസാക്കൽ. ഇതാണ് കഴിഞ്ഞ ഏതാനും സമ്മേളനങ്ങളിൽ നടന്നുവരുന്നത്.

അടുത്തിടെ പാസാക്കിയ പ്രധാന നിയമങ്ങളുടെ കാര്യത്തിലൊന്നുംതന്നെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റികളുടെയോ സെലക്ട് കമ്മിറ്റിയുടെയോ സൂക്ഷ്മപരിശോധന നടന്നിട്ടില്ല. വിവാദമായ, ഇപ്പോഴും കത്തിനിൽക്കുന്ന മൂന്നു കാർഷികനിയമങ്ങൾ കഴിഞ്ഞകൊല്ലം കൊണ്ടുവന്നത് ഓർഡിനൻസായിട്ടായിരുന്നു. കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ അത് പാസാക്കുമ്പോൾ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ജമ്മു-കശ്മീർ പ്രത്യേക പദവി റദ്ദാക്കൽ, യു.എ.പി.എ., പൗരത്വഭേദഗതി ബിൽ, അതിനുമുൻപ് മുത്തലാഖ് ബിൽ തുടങ്ങിയ വിവാദബില്ലുകൾ കൊണ്ടുവന്ന വേളയിലും അവ സൂക്ഷ്മപരിശോധനയ്ക്കായി പാർലമെന്റ് സമിതിക്ക് വിടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബജറ്റിന്റെ ഭാഗമായ ധനബില്ലിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒട്ടേറെ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ഏർപ്പാട് ഇതിനുപുറമേയാണ്.

പാർലമെന്റിൽ യഥാർഥത്തിൽ നിഷ്പക്ഷചർച്ച നടക്കുന്നവേദി വിവിധ വകുപ്പുകളുടെ സ്റ്റാൻഡിങ് കമ്മിറ്റികളിലാണ്. മാധ്യമങ്ങളുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ടു കൂടിയാവണം പൊതുവിൽ തുറന്ന അഭിപ്രായങ്ങളും നിർദേശങ്ങളും അവിടെ ഉയരാറുണ്ട്. ബില്ലുകൾ ഇഴകീറി പരിശോധിച്ച് സ്റ്റാൻഡിങ് കമ്മിറ്റികൾ നൽകുന്ന ശുപാർശകൾ സർക്കാർ അതേപടി അംഗീകരിക്കുന്നത് ദുർലഭമാണെങ്കിലും അവയിൽ പലതും അംഗീകരിച്ചുകൊണ്ട് ഭേദഗതികൾ വരുത്തിയ സന്ദർഭങ്ങളും ഒട്ടേറെയുണ്ട്. 1993-ൽ തുടങ്ങിയതാണ് വകുപ്പുതല സ്റ്റാൻഡിങ് കമ്മിറ്റികൾ എന്ന സംവിധാനം. എന്നാൽ, അടുത്തകാലത്തായി അത് ദുർബലപ്പെട്ടുവരികയാണെന്നുവേണം അനുമാനിക്കാൻ. 2004-09-ൽ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് 60 ശതമാനവും 2014 വരെയുള്ള രണ്ടാം യു.പി.എ.കാലത്ത് 71 ശതമാനവും ബില്ലുകൾ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നത് 2014-19-ൽ 27 ശതമാനമായി കുറഞ്ഞുവെന്ന് ‘പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച്’ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മിറ്റികളിലെ ചർച്ചയും തത്പരകക്ഷികളിൽനിന്ന് അഭിപ്രായങ്ങൾ തേടലുമെല്ലാം നിയമനിർമാണപ്രക്രിയയെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. ബില്ലുകളുടെ സൂക്ഷ്മപരിശോധന നടന്നില്ലെങ്കിൽ പലപ്പോഴും നിയമവും അത് നടപ്പാക്കുന്ന ചട്ടവും സമ്പൂർണമാവണമെന്നില്ല.

Content Highlights: Bills passed within minutes in parliament without discussions