ന്യൂഡൽഹി: അടുത്തപതിറ്റാണ്ടോടെ ‘അതിവേഗ’ സാമ്പത്തികവളർച്ച നേടാൻ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ് പറഞ്ഞു. ദാരിദ്ര്യം അകറ്റാനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും ഇതോടെ ഇന്ത്യൻ സർക്കാരിനു സാധിക്കുമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ.ക്കുനൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ആധാർ നമ്പർ സംവിധാനത്തെയും ധന, ഔഷധ മേഖലകളുടെ പ്രവർത്തനത്തെയും ബിൽ ഗേറ്റ്സ് അഭിനന്ദിച്ചു. രാജ്യത്തെ സാമ്പത്തികമേഖല കടുത്ത മാന്ദ്യത്തിലൂടെ പോകുന്ന അവസരത്തിലാണ് ബിൽ ഗേറ്റ്സിന്റെ പരാമർശം.

ഡിജിറ്റൽ ഐഡന്റിറ്റി, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയിൽനിന്നുള്ള പാഠങ്ങൾ എങ്ങനെ മറ്റിടങ്ങളിൽ നടപ്പാക്കുമെന്ന്‌ പരിശോധിക്കാൻ നന്ദൻ നിലേകനിയെപ്പോലുള്ളവരുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ഗേറ്റ്സ് പറഞ്ഞു. ഇന്ത്യയെക്കുറിച്ചോർക്കുമ്പോൾ ഐ.ടി. സേവനങ്ങളെക്കുറിച്ചും മേഖലയിൽ ഇന്ത്യ നൽകിയ സംഭാവനയെക്കുറിച്ചുമാണ് എല്ലാവരും ഓർക്കുക. രാജ്യത്തെ വാക്സിൻ നിർമാണരംഗവും പ്രശംസയർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആമസോൺ സി.ഇ.ഒ. ജെഫ് ബെസൂസിൽനിന്ന് ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി വെള്ളിയാഴ്ച ബിൽ ഗേറ്റ്സ് തിരിച്ചുപിടിച്ചിരുന്നു. 64-കാരനായ ബിൽ ഗേറ്റ്സിന്റെ സമ്പത്ത് പതിനൊന്നായിരം കോടി ഡോളറാണ് (ഏകദേശം എട്ടുലക്ഷം കോടി രൂപ).

Content Highlights: Bill Gates Indian Economy