പാട്‌ന/റായ്പുർ: പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ബിഹാർ, ഛത്തീസ്ഗഢ് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചു. മേയ് ഒന്നുമുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സർക്കാർചെലവിൽ സൗജന്യ വാക്സിൻ നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച ട്വീറ്റിലൂടെ അറിയിച്ചു.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള എല്ലാ വഴിയും സർക്കാർ സ്വീകരിക്കുമെന്നും 18 വയസ്സിനുമുകളിൽ പ്രായമായ എല്ലാവർക്കും വാക്സിൻ നൽകുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഓക്സിജൻ ക്ഷാമം: ഗുജറാത്തിൽ രണ്ടുമരണം

അഹമ്മദാബാദ്: ഓക്സിജൻ ലഭിക്കാതെ ഗുജറാത്തിൽ രണ്ട് കോവിഡ് രോഗികൾ മരിച്ചു. ബാണാസ്കന്ദ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള രോഗികളാണ് ബുധനാഴ്ച ഐ.സി.യു.വിൽ മരിച്ചതെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ജിഗ്നേഷ് ഹരിയാണി പറഞ്ഞു.