പട്‌ന/പനജി: കര്‍ണാടകത്തിലെ രാഷ്ട്രീയവിവാദത്തിന്റെ ചുവടുപിടിച്ച് ബിഹാറിലും ഗോവയിലും സര്‍ക്കാരുകളുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷികള്‍ ഗവര്‍ണറെക്കണ്ടു. ബിഹാറില്‍ ആര്‍.ജെ.ഡി.യും ഗോവയില്‍ കോണ്‍ഗ്രസുമാണ് വെള്ളിയാഴ്ച ഈ നീക്കം നടത്തിയത്.

കോണ്‍ഗ്രസ്, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം.), സി.പി.ഐ.(എം.എല്‍.) പാര്‍ട്ടികളുടെ എം.എല്‍.എ.മാരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാവുമെന്ന് ആര്‍.ജെ.ഡി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ അറിയിച്ചു.

നിയമസഭ പിരിച്ചുവിട്ട് സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് തന്റെ പാര്‍ട്ടിക്ക് അവസരം നല്‍കണമെന്ന് തേജസ്വി ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൗകബ് ഖ്വാദ്രി, എച്ച്.എ.എം. നേതാവ് ഡാനിഷ് റിസ്വാന്‍, സി.പി.ഐ.(എം.എല്‍.) എം.എല്‍.എ. സത്യദേവ് റാം എന്നിവരും തേജസ്വിയോടൊപ്പമുണ്ടായിരുന്നു.

243 അംഗ നിയമസഭയില്‍ 80 സീറ്റുകളുള്ള ആര്‍.ജെ.ഡി.യാണ് ഒറ്റക്കക്ഷിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ജെ.ഡി.യു.വും ബി.ജെ.പി.യും ചേര്‍ന്നാണ് സംസ്ഥാനം ഭരിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും ചേര്‍ന്നിപ്പോള്‍ 131 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 27 അംഗങ്ങളുള്ളപ്പോള്‍ സി.പി.ഐ.(എം.എല്‍.)ക്ക് മൂന്നും എച്ച്.എ.എമ്മിന് ഒരംഗവുമാണുള്ളത്. ഗവര്‍ണറെ കാണുന്നതിനുമുമ്പ് കര്‍ണാടകത്തിലെ 'ജനാധിപത്യക്കൊല'ക്കെതിരേ തേജസ്വിയുടെ നേതൃത്വത്തില്‍ ആര്‍.ജെ.ഡി. എം.എല്‍.എ.മാര്‍ രാജ്ഭവനുമുന്നില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തിയിരുന്നു.

ഗോവയില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘം ഗവര്‍ണര്‍ മൃദുല സിന്‍ഹയെക്കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. സംഘത്തില്‍ എം.എല്‍.എ.മാരും കോണ്‍ഗ്രസ് സംസ്ഥാന നേതൃനിരയുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷവും തങ്ങള്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നിയിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്!ലേക്കര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല്പതംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടി ഒറ്റക്കക്ഷിയായിരുന്നു. 14 സീറ്റു മാത്രമുള്ള ബി.ജെ.പി. മൂന്നുസീറ്റു വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെയും (ജി.എഫ്.പി.) മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി.)യെയും കൂട്ടുപിടിച്ച് ഭരണത്തിലേറുകയായിരുന്നു. മൂന്നു സ്വതന്ത്രരും ബി.ജെ.പി.ക്ക് പിന്തുണയേകി.

ഇരുസംസ്ഥാനങ്ങള്‍ക്കും പുറമെ മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഇതേ നീക്കങ്ങളുമായി രംഗത്തുണ്ട്. കഴിഞ്ഞവര്‍ഷം മണിപ്പുരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളുമായി കോണ്‍ഗ്രസ് ഒറ്റക്കക്ഷിയായെങ്കിലും 21 സീറ്റുള്ള ബി.ജെ.പി. പ്രാദേശികപാര്‍ട്ടികളുമായിച്ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. മേഘാലയയിലും കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) ബി.ജെ.പി.യോടും പ്രാദേശികപാര്‍ട്ടികളോടും ഒപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി.

വോട്ടെടുപ്പില്‍ വിജയിക്കും

അവസരം ലഭിച്ചാല്‍ ആര്‍.ജെ.ഡി.യും സഖ്യകക്ഷികളും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സര്‍ക്കാരില്‍ അതൃപ്തിയുള്ള എം.എല്‍.എ.മാരും ചേര്‍ന്ന് വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കും.

- തേജസ്വി യാദവ്

ആര്‍.ജെ.ഡി. നേതാവ്

ഗവര്‍ണര്‍ തെറ്റുതിരുത്തണം

ഗവര്‍ണര്‍ക്കു കഴിഞ്ഞവര്‍ഷം സംഭവിച്ച തെറ്റുതിരുത്താന്‍ പറ്റിയ സമയമാണിത്. കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം ഉദാഹരണമായി ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

- ചന്ദ്രകാന്ത് കാവ്ലേക്കര്‍

കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ്