ന്യൂഡൽഹി : ലോക്ജനശക്തി പാർട്ടി നേതാവും മുൻ ഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചതിനെത്തുടർന്ന് ബിഹാറിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ബി.ജെ.പി. ഏറ്റെടുത്തു. മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയാണ് ബി.ജെ.പി. സ്ഥാനാർഥി. സീറ്റ് പാസ്വാന്റെ ഭാര്യ റീന പാസ്വാന് നൽകണമെന്ന് എൽ.ജെ.പി. ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി. പരിഗണിച്ചില്ല. ജെ.ഡി.യു.വിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ചുമതലയേറ്റ നിതീഷ് മന്ത്രിസഭയിൽ സുശീൽ കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിപദവും അദ്ദേഹത്തിനു നൽകുമെന്ന് പാർട്ടികേന്ദ്രങ്ങൾ അന്നുതന്നെ സൂചന നൽകിയിരുന്നു. ബിഹാർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം ഡൽഹിയിലേക്ക് വിളിപ്പിച്ച് സുശീൽ കുമാറിനെ കേന്ദ്രനേതാക്കൾ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നു. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ സുശീൽ കുമാർ മന്ത്രിയാകും.

content higlights: Bihar Ex-Deputy Chief Minister Sushil Modi Named For Rajya Sabha Bypoll