ന്യൂഡൽഹി: ബിഹാറിൽ മഹാസഖ്യത്തിന് നേരിയ സീറ്റുകൾക്ക് ഭരണം നഷ്ടപ്പെട്ടതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആർ.ജെ.ഡി. സഖ്യത്തിനില്ലെന്നു ഭീഷണിപ്പെടുത്തിയാണ് 70 സീറ്റുകൾ കോൺഗ്രസ് തേജസ്വി യാദവിൽനിന്ന് വാങ്ങിയതെന്നും എന്നിട്ടും 70 റാലികൾപോലും നടത്താൻ അവർക്കായില്ലെന്നും മുൻ രാജ്യസഭാംഗവും മുതിർന്ന ആർ.ജെ.ഡി. നേതാവുമായ ശിവാനന്ദ് തിവാരി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തേജസ്വിയുടെ ശ്രമങ്ങളെയെല്ലാം കോൺഗ്രസ് തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മാതൃഭൂമി’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ.ജെ.ഡി. നേതാവ് മനസ്സു തുറന്നത്.

“സീറ്റു വാങ്ങുമ്പോൾപോലും കോൺഗ്രസിന് മത്സരിക്കാൻ പറ്റിയ സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. ജനപിന്തുണയില്ലാത്തവർക്കടക്കം മത്സരിക്കാൻ അവസരം നൽകി. 42 റാലികൾ മാത്രമാണ് കോൺഗ്രസ് നടത്തിയത്. രാഹുൽ ഗാന്ധി രണ്ടു മൂന്നു പ്രാവശ്യം എത്തിയെങ്കിലും രണ്ടു റാലികൾ മാത്രമാണ് നടത്തിയത്. അദ്ദേഹത്തെക്കാൾ പ്രായമുള്ള പ്രധാനമന്ത്രി നാലു റാലികൾ വരെ നടത്തി. പ്രിയങ്കയാണെങ്കിൽ വന്നതു പോലുമില്ല. ഇരുവരും രാജകുമാരനെയും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. ബിഹാറിൽ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് നടന്നത്. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും മാത്രം പ്രാധാന്യം പിടികിട്ടിയില്ല. അതിനാലാണ് രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ഷിംലയിൽ പ്രിയങ്ക ഉണ്ടാക്കിയ പുതിയ വീട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയത്.

ഇതുതന്നെയാണ് അഖിലേഷ് യാദവിനോട് ഉത്തർപ്രദേശിലും ചെയ്തത്. പക്ഷേ, അഖിലേഷ് സീറ്റ് നൽകാൻ തയ്യാറില്ലാത്തതിനാൽ സഖ്യം ഉണ്ടായില്ല. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനോടും സഖ്യമുണ്ടാവാതിരുന്നത് സീറ്റ് കൂടുതൽ ആവശ്യപ്പെട്ടതിനാലാണ്. കോൺഗ്രസിന് സീറ്റ് മാത്രം മതി, ജയം വേണ്ട. കോൺഗ്രസ് ബി.ജെ.പി.വിരുദ്ധ മഹാ സഖ്യമോ ചേരിയോ ഉണ്ടാവുന്നതിന് തടസ്സമാണ്”- ആർ.ജെ.ഡി. നേതാവ് പറഞ്ഞു.

കോൺഗ്രസിന്റെ നിലപാടുകൾ കാരണമാണ് ബിഹാറിലെ പ്രധാന പാർട്ടികളായ വി.ഐ.പി.യെയും എച്ച്.എ.എമ്മിനെയും മഹാസഖ്യത്തിൽ ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്നും ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.