ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി. 66 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് കെട്ടിവെച്ച കാശുകിട്ടിയത് മൂന്നിടത്തു മാത്രം. ലഭിച്ചത് 4.37 ശതമാനം വോട്ടും.

കോൺഗ്രസ് 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9.7 ശതമാനവും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22.46 ശതമാനവും വോട്ടുനേടിയ സ്ഥാനത്തുനിന്നാണ് ഈ തകര്‍ച്ച. ഒരു മണ്ഡലത്തില്‍പ്പോലും രണ്ടാം സ്ഥാനത്തെത്താന്‍ പാർട്ടിക്കായില്ല. ആറു മണ്ഡലങ്ങളില്‍ 10 ശതമാനത്തിലധികം വോട്ടു കിട്ടിയതാണ് ആകെ ആശ്വാസം. പതിനായിരത്തിലധികം വോട്ടുനേടിയത് അഞ്ചു മണ്ഡലങ്ങളില്‍മാത്രം. ബദര്‍പുര്‍ മണ്ഡലത്തില്‍ വോട്ടുനില ആയിരത്തിലും താഴേക്കുപോയി.

സഖ്യകക്ഷിയായ ആർ.ജെ.ഡി. മത്സരിച്ച നാൽ മണ്ഡലങ്ങളിൽ കിട്ടിയത് എണ്ണൂറോളം വോട്ടുകള്‍ മാത്രം. ബാദ്‌ലിയില്‍ ദേവോന്ദര്‍ യാദവ്-27,052, ഗാന്ധിനഗറില്‍ അരവിന്ദ് സിങ് ലവ്‌ലി-21,829, കസ്തൂര്‍ഭ നഗറില്‍ അഭിഷേക് ദത്ത്-19,648 എന്നിവരാണ് കോണ്‍ഗ്രസിന്റെ മാനം കാത്തത്. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എ.മാരായ അല്‍ക്ക ലാംബ ചാന്ദ്‌നിചൗക്കിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി ദ്വാരകയിലും യഥാക്രമം 3032, 5895 വോട്ടു മാത്രമാണ് നേടിയത്.

നേരത്തേ കോണ്‍ഗ്രസ് ജയിച്ചിരുന്ന ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയില്‍ പാര്‍ട്ടി നേടിയത് 2207 വോട്ടാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍ ഇവിടെ നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ. ആയിരുന്നു. ഷഹീന്‍ ബാഗ് സമരത്തിന് ചുക്കാന്‍പിടിക്കുന്ന ഇദ്ദേഹത്തെ ഒഴിവാക്കി, പര്‍വേസ് ഹാഷ്മിക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കൂട്ടത്തോടെ വോട്ടുചെയ്തതിനാല്‍ ആം ആദ്മി സ്ഥാനാര്‍ഥി അമാനുള്ള ഖാന്‍ നേടിയത് 85 ശതമാനത്തോളം വോട്ട്. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ മൂന്നുശതമാനത്തില്‍ താഴെ.

മറ്റു സ്ഥലങ്ങളില്‍നിന്ന് ഭിന്നമായി പൗരത്വനിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കള്‍ നേരിട്ട് പ്രക്ഷോഭം നയിച്ച സ്ഥലമാണ് ഡല്‍ഹി. ഇന്ത്യാഗേറ്റില്‍ ഒന്നിലധികം ദിവസങ്ങളില്‍ പ്രിയങ്കാഗാന്ധി ധര്‍ണയിരുന്നു. എന്നിട്ടും പൗരത്വ നിയമത്തിനെതിരേ പരസ്യനിലപാട് എടുക്കാതിരുന്ന ആം ആദ്മി പാര്‍ട്ടിക്കാണ് മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ പോയത്. കോണ്‍ഗ്രസിന് ചെയ്താല്‍ വോട്ടു വിഭജിക്കുമെന്നും ബി.ജെ.പി.ക്ക് ജയം എളുപ്പമാവുമെന്നുമുള്ള ആം ആദ്മിയുടെ പ്രചാരണം ഫലം കണ്ടു. അതേസമയം, പൗരത്വനിയമത്തെ നേരിട്ട് എതിര്‍ക്കാത്തതിനാല്‍ വിഭജനത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും പേറുന്ന ഹിന്ദുവിഭാഗത്തിന്റെ വോട്ടുകളും ആംആദ്മിക്ക് നഷ്ടമായില്ല.

ഫലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളടക്കം കോണ്‍ഗ്രസില്‍നിന്ന് ചോര്‍ന്നു. ഷീലാ ദീക്ഷിത് അന്തരിച്ചിട്ട് ഏറെ കാലമായിട്ടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള അവരുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഹതാപത്തിലൂടെ വോട്ടുകള്‍ സമാഹരിക്കാനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തി. എന്നാല്‍, ഷീലയുടെ വേര്‍പാടോടെ ശക്തരായ പ്രാദേശിക നേതാക്കള്‍ ഇല്ലാതായതും ദുര്‍ബലമായ സംഘടനാസംവിധാനങ്ങളും പാര്‍ട്ടിയെ പിന്നോട്ടടിപ്പിച്ചു. സീറ്റുവിഭജന സമയത്ത് ഓരോ പ്രദേശത്തും കൂടുതല്‍ വേരുകളുള്ളവര്‍ക്ക് നല്‍കുന്നതിനുപകരം നേതാക്കളുടെ മക്കളെയും സ്വന്തക്കാരെയുമൊക്കെ മത്സരിപ്പിക്കാനായിരുന്നു ശ്രമം നടന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരേ ജനങ്ങള്‍ രാഹുലിനുപിന്നിൽ അണിനിരന്ന കാര്യം തിരിച്ചറിഞ്ഞ കെജ്‌രിവാള്‍, ഇത്തവണ കൃത്യമായ ഗൃഹപാഠങ്ങളോടെയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. മോദിക്കെതിരേ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു നില്‍ക്കാതെ വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ സാധ്യതയുള്ള നിലപാടുകളില്‍നിന്ന് കൃത്യമായി അകലം പാലിച്ച കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യ വോട്ടടക്കം തട്ടിയെടുത്തു.

ബി.ജെ.പി.യുടെ തോല്‍വി ആഹ്ലാദകരമെന്ന് കോൺഗ്രസ്

: പാര്‍ട്ടി ദയനീയമായി തോറ്റെങ്കിലും എ.എ.പി.ക്ക് മുന്നില്‍ ബി.ജെ.പി. അടിയറ പറഞ്ഞതില്‍ സന്തോഷിക്കുകയാണ് കോൺഗ്രസ് നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാരും എം.പി.മാരും ആര്‍.എസ്.എസ്. സംഘടനാസംവിധാനവുമെല്ലാം രാവുംപകലും പരിശ്രമിച്ചിട്ടും ബി.ജെ.പി.ക്കു തലസ്ഥാനത്തു മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതില്‍ സന്തോഷമുണ്ടെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പി.സി. ചാക്കോ ‘മാതൃഭൂമി’യോട് പറഞ്ഞു.

വോട്ടു ഭിന്നിച്ച് ബി.ജെ.പി. ജയിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിച്ചതാണ് ഇപ്പോഴത്തെ താത്കാലിക തോല്‍വിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി. ചിദംബരവും രണ്‍ദീപ് സിങ് സുര്‍ജേവാലയും ഉള്‍പ്പെടെയുള്ള നേതാക്കളും ഇതേരീതിയിലാണ് പ്രതികരിച്ചത്.

Content Highlights: Vote share below five percent