ഭോപാൽ: തന്നെയും കുടുംബത്തെയും ബി.ജെ.പി.യുടെ മുതിർന്ന നേതാവ് ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ ബി.ജെ.പി. എം.എൽ.എ. നീലം അഭയ് മിശ്ര മധ്യപ്രദേശ് നിയമസഭയിൽ പൊട്ടിക്കരഞ്ഞു.

നിയമസഭയിലെ ശൂന്യവേളയിലാണ് സംഭവം. മുതിർന്ന ബി.ജെ.പി. നേതാവിന്റെ നിർദേശപ്രകാരം രേവ ജില്ലാ പോലീസ് തന്റെപേരിൽ കള്ളക്കേസ് ഉണ്ടാക്കുന്നെന്നും തനിക്ക്‌ സുരക്ഷനൽകണമെന്നും അവർ ആവശ്യപ്പെട്ടു.

നേതാവിന്റെ ആവശ്യപ്രകാരം പോലീസ് സൂപ്രണ്ട് തനിക്കും കുടുംബാംഗങ്ങൾക്കുമെതിരേ പക്ഷപാതപരമായി പ്രവർത്തിക്കുന്നതായി രേവ ജില്ലയിലെ സിമരിയ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന നീലം ആരോപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും വിങ്ങിപ്പൊട്ടിക്കൊണ്ട്‌ അവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ കോൺഗ്രസ് അംഗങ്ങൾ നീലത്തിന്‌ പിന്തുണപ്രഖ്യാപിച്ചു. ഭരണകക്ഷിയായ എം.എൽ.എ.യ്ക്കുതന്നെ ഈയവസ്ഥയാണെങ്കിൽ സാധാരണക്കാരുടെ ദുരവസ്ഥയെക്കുറിച്ച്‌ സങ്കല്പിക്കാവുന്നതേയുള്ളൂവെന്ന്‌ കോൺഗ്രസ് പറഞ്ഞു.

നീലത്തിനും കുടുംബത്തിനും സംരക്ഷണം നൽകുമെന്നും പോലീസ് തലവനുമായി സംസാരിക്കുമെന്നും ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് അറിയിച്ചു. എന്നാൽ, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലാത്തതിനാൽ സാമാജികർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബി.ജെ.പി.യുടെ ദുർഭരണം വെച്ചുപുലർത്തില്ലെന്ന്‌ മുദ്രാവാക്യവും മുഴക്കി. തുടർന്ന്‌ ആഭ്യന്തരമന്ത്രി, നീലത്തിൻറെ സമീപത്തെത്തി ആശ്വസിപ്പിച്ചു. ബഹളത്തെത്തുടർന്ന്‌ സഭ 15 മിനിറ്റ് നിർത്തിവെച്ചു.