പുണെ: ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ കേസിലെ വിചാരണ മുംബൈ എൻ.ഐ.എ. കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം നിയമാനുസൃതമല്ലെന്ന് സർക്കാർ. വിചാരണ നടക്കുന്ന പുണെയിലെ യു.എ.പി.എ. കോടതിയിൽ പബ്ലിക് േപ്രാസിക്യൂട്ടർ ഉജ്വല പവാറാണ് ഇക്കാര്യം ഉന്നയിച്ചത്. അന്വേഷണം രണ്ടാഴ്ചമുൻപ് എൻ.ഐ.എ. ഏറ്റെടുത്തത് കണക്കിലെടുത്ത് മുഴുവൻ രേഖകളും മുംബൈയിലെ എൻ.ഐ.എ. കോടതിക്ക് കൈമാറാൻ നിയമബാധ്യതയില്ലെന്നാണ് യു.എ.പി എ. പ്രത്യേക ജഡ്ജി എസ്.ആർ. നാവന്തറിനെ പ്രോസിക്യൂഷൻ അറിയിച്ചത്.
പ്രതികളിൽനിന്ന് കണ്ടെത്തിയ തെളിവുകൾ ഉൾപ്പെടെ മുഴുവൻ രേഖകളും എൻ.ഐ.എ.ക്ക് കൈമാറാൻ ആവശ്യമായകാരണങ്ങൾ അപേക്ഷയിലില്ല. പ്രത്യേകകോടതിയിലെ വിചാരണ ഏതാണ്ട് പൂർണമാകുന്ന അവസ്ഥയിൽ ഇത് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിൽ ന്യായീകരണമില്ല. അതിനാൽ എൻ.ഐ.എ.യുടെ അപേക്ഷ തള്ളണമെന്നും പബ്ലിക് േപ്രാസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് വിധിപറയുന്നതിനായി കേസ് 14-ലേക്ക് മാറ്റി.
നക്സൽ ബന്ധം ആരോപിച്ച് ഒരു വർഷത്തിലേറെയായി വിചാരണത്തടവുകാരായി കഴിയുന്ന ഒമ്പത് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയുള്ള കേസിനെക്കുറിച്ചുള്ള വിചാരണയാണ് എൻ.ഐ.എ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നത്.
ബി.ജെ.പി-ശിവസേന സഖ്യസർക്കാരിന്റെ കാലത്ത് നടന്ന അറസ്റ്റിനെ കോൺഗ്രസും എൻ.സി.പി.യും ഒരുപോലെ എതിർത്തിരുന്നു. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തെത്തുടർന്ന് കഴിഞ്ഞമാസം മുംബൈയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിൽ നടന്ന കേസിനെക്കുറിച്ചുള്ള പുനരവലോകന യോഗത്തിൽ ഇതേക്കുറിച്ച് വിമർശനങ്ങളും ഉയർന്നിരുന്നു.