ഹൈദരാബാദ്: കോവാക്സിനെടുത്തവർക്ക് പാർശ്വഫലമുണ്ടായാൽ നഷ്ടപരിഹാരം നൽകുമെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. കുത്തിവെപ്പ് സ്വീകരിക്കുന്നതിനുമുമ്പായി നൽകുന്ന സമ്മതപത്രത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്റെ പാർശ്വഫലമാണ് ആരോഗ്യപ്രശ്നം എന്നുതെളിഞ്ഞാലാണ് നഷ്ടപരിഹാരം നൽകുക.
കോവാക്സിനെടുത്തതുമൂലം ആരോഗ്യപ്രശ്നം നേരിട്ടാൽ സർക്കാർ ആശുപത്രികളിലോ സർക്കാർ അംഗീകാരത്തോെട പ്രവർത്തിക്കുന്ന ആശുപത്രികളിലോ ചികിത്സ ഉറപ്പാക്കും. മുഴുവൻ ചികിത്സച്ചെലവും കമ്പനി വഹിക്കും. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് സ്പോൺസറായ ബി.ബി.ഐ.എൽ. നഷ്ടപരിഹാരം നൽകുമെന്നും കമ്പനി പുറത്തിറക്കിയ സമ്മതപത്രത്തിൽ വ്യക്തമാക്കുന്നു.
വാക്സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണം നടക്കുന്നത് കണക്കിലെടുത്തുകൂടിയാണ് കമ്പനിയുടെ തീരുമാനം.