ന്യൂഡൽഹി: രാജ്യത്തിന്റെ ധീരനായകനായ ഭഗത്‌സിങ്ങിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പോരാട്ടംകൂടിയാണ് കർഷകപ്രക്ഷോഭമെന്ന് സഹോദരീപുത്രി ഗുർജിത് കൗർ. കർഷകപ്രക്ഷോഭം ശനിയാഴ്ച നൂറുദിനം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ ‘മാതൃഭൂമി’യോട്‌ സംസാരിക്കുകയായിരുന്നു ഭഗത്‌സിങ്ങിന്റെ സഹോദരി ബീബി പ്രകാശ് കൗറിന്റെ മകളായ ഗുർജിത് കൗർ.

“ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യംലഭിച്ചാലും കസേരമാത്രമേ മാറൂവെന്ന് ഭഗത്‌സിങ് പറഞ്ഞിരുന്നു. സാമൂഹികവ്യവസ്ഥ മാറണമെങ്കിൽ വീണ്ടുമൊരു വിപ്ലവവും ജനങ്ങളുടെ വലിയ സമരമുന്നേറ്റവും വേണ്ടിവരുമെന്ന് അദ്ദേഹം പ്രവചിച്ചു. ഒരു ലക്ഷ്യത്തിനായി ജനങ്ങളെല്ലാം ഒറ്റക്കെട്ടായിനിന്നാൽ സർക്കാരുകൾക്ക്‌ കീഴടങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണം നടപ്പാക്കിയ രാജ്യങ്ങളിലൊക്കെ ദാരിദ്ര്യമാണ് കൂടുതൽ. സാമ്പത്തികസ്വാതന്ത്ര്യത്തിനായി വലിയ സമരം വേണ്ടിവരും. അതിനാൽ, ഭഗത്‌സിങ്ങിന്റെ സ്വപ്നം സാക്ഷാത്‌കരിക്കാൻവേണ്ടിക്കൂടിയാണ് കർഷകപ്രക്ഷോഭം”.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തോൽപ്പിക്കാൻ രംഗത്തിറങ്ങാൻ സംയുക്ത കിസാൻമോർച്ച തീരുമാനിച്ചതിനാൽ കേരളത്തിൽ വരാൻ തയ്യാറെടുക്കുന്നതായും അവർ വ്യക്തമാക്കി. “ഏതെങ്കിലുമൊരു പാർട്ടിക്കുവേണ്ടിയല്ല, ബി.ജെ.പി.യെ തോൽപ്പിക്കാൻവേണ്ടിയാണ് കർഷകർ പ്രചാരണത്തിനിറങ്ങുക”- അവർ വ്യക്തമാക്കി.

Content Highlight:  Bhagat Singh's niece leads protesters