ബെംഗളൂരു: നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ബി.ജെ.പി. നേതാവും ഖനിയുടമയുമായ ഗാലി ജനാർദനറെഡ്ഡി പോലീസിനുമുന്നിൽ ഹാജരായി. ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ അഭിഭാഷകരോടൊപ്പം നാടകീയമായി റെഡ്ഡി പോലീസിനുമുന്നിൽ എത്തുകയായിരുന്നു.

അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽപ്പോയ റെഡ്ഡിയെ പിടികൂടാൻ നാല് പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

സിറ്റി സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദംനടക്കും. പ്രോസിക്യൂഷൻ വാദം കേൾക്കാതെ ഇടക്കാല മുൻകൂർജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. റെഡ്ഡിയുടെ സഹായി അലിഖാനും ചോദ്യംചെയ്യലിന് ഹാജരായി. അഡീഷണൽ സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ സി.പി. ഗിരീഷ്, അസിസ്റ്റന്റ് കമ്മിഷണർ വെങ്കിടേശ് പ്രസന്ന എന്നിവർ ചേർന്നാണ് മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

സ്റ്റേഷനിലെത്തുംമുമ്പ് തന്റെ നിലപാട് വ്യക്തമാക്കി വീഡിയോ സന്ദേശവും പുറത്തുവിട്ടു. താൻ ഒളിവിൽ പോയിട്ടില്ലെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹംപറഞ്ഞു. ഒളിവിൽപ്പോയതാണെന്ന് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തന്റെ പേരിൽ കേസെടുത്തിട്ടില്ലെന്നും താൻ ബെംഗളൂരുവിലുണ്ടായിരുന്നെന്നും റെഡ്ഡി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജനാർദനറെഡ്ഡിയുടെയും സഹായി അലിഖാന്റെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. അലിഖാന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വെടിയുണ്ട കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നാണ് സൂചന. ചോദ്യംചെയ്യലിനുശേഷം ജനാർദനറെഡ്ഡിയെയും അലിഖാനെയും ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്യാനാണ് സാധ്യത.

നിക്ഷേപത്തട്ടിപ്പ് കേസിൽനിന്ന് ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ജനാർദന റെഡ്ഡി 21 കോടി രൂപ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും ഇതിൽ രണ്ടുകോടി പണമായും 18 കോടി രൂപയുടെ 57 കിലോ സ്വർണം നൽകിയെന്നുമാണ് മൊഴി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഒരു കോടി നൽകിയതിനും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനാർദനറെഡ്ഡിക്കെതിരേ അന്വേഷണം തുടങ്ങിയത്. നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാർദനറെഡ്ഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകുന്നത്.

അറസ്റ്റിന് സാധ്യത

ചോദ്യംചെയ്യലിനുശേഷം അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. അനധികൃതഖനനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും അറസ്റ്റിലായാൽ ജനാർദനറെഡ്ഡിയുടെ നില കൂടുതൽ പരുങ്ങലിലാകും. ഇരുമ്പയിര് ഖനനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജനാർദനറെഡ്ഡി കർണാടകത്തിലെ ശക്തരായ നേതാക്കളിലൊരാളാണ്.

അനധികൃതഖനനക്കേസിൽ സി.ബി.ഐ. അറസ്റ്റുചെയ്തതിനെത്തുടർന്ന് മൂന്നുവർഷത്തോളം ജയിലിൽ കഴിഞ്ഞ റെഡ്ഡി 2015-ലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ജയിലിൽ കഴിയുന്നതിനിടെ ഹൈദരാബാദ് സി.ബി.ഐ. ജഡ്ജിക്ക് കൈക്കൂലി നൽകിയ കേസിലും റെഡ്ഡിക്കെതിരേ കേസെടുത്തിരുന്നു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയതിനെത്തുടർന്ന് ബി.ജെ.പി. ദേശീയനേതൃത്വം ജനാർദനറെഡ്ഡിയെ വിലക്കുകയും പാർട്ടിയുമായി ബന്ധമില്ലെന്നും പ്രസ്താവിച്ചു. എന്നാൽ, ബല്ലാരി മേഖലയിൽ ബി.ജെ.പി.യുടെ ശക്തനായ നേതാവാണ് റെഡ്ഡി. റെഡ്ഡിയുടെ സഹോദരങ്ങളായ കരുണാകരറെഡ്ഡിയും സോമശേഖരറെഡ്ഡിയും ബി.ജെ.പി. നേതാക്കളാണ്. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ അടുത്ത സുഹൃത്തുകൂടിയാണ് റെഡ്ഡി.