ബെംഗളൂരു: വിദേശനാണ്യനിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ച് വിദേശത്തുനിന്ന് പണം സ്വീകരിച്ചതിന് വിശദീകരണമാവശ്യപ്പെട്ട് കര്‍ണാടക നഗരവികസന മന്ത്രി റോഷന്‍ ബെയ്ഗിന്റെ മകന്‍ റുമന്‍ ബെയ്ഗിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.

കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് റോഷന്‍ ബെയ്ഗ്. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള റുമന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് യു.എ.ഇ. ആസ്ഥാനമായ കമ്പനിയില്‍നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്നാണ് പരാതി. വിദേശ കമ്പനിയില്‍നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇത് കണക്കില്‍ കാണിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

എന്നാല്‍, തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ മറുപടിനല്‍കുമെന്നും റോഷന്‍ ബെയ്ഗ് അറിയിച്ചു. പണം വാങ്ങിയെങ്കിലും വിദേശസ്ഥാപനത്തിന് കമ്പനിയുടെ ഓഹരി നല്‍കിയിട്ടില്ല. അതിനാല്‍ എന്ത് ആവശ്യത്തിനാണ് പണം വാങ്ങിയതെന്ന് വ്യക്തമാക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. ഫെമ ചട്ടലംഘനത്തിന് നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.